മിയാപുർ: ലൈംഗികാതിക്രമം തടഞ്ഞതിനെ തുടർന്ന് പിതാവ് പന്ത്രണ്ട് വയസുകാരിയായ മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചു. തെലങ്കാനയിലെ മിയാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. നിരന്തരമായി അശ്ലീല വീഡിയോ കാണുന്ന ഇയാൾ ലഹരിയ്ക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
മകളെ കൊന്ന് കാട്ടിൽ ഉപേക്ഷിച്ചതിന് പിന്നാലെ അന്വേഷണം വഴി തെറ്റിക്കാനായി ഇയാൾ പോലീസിൽ മകളെ കാണാനില്ലന്ന് പരാതിയും നൽകി. ഈ മാസം 7 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീട്ടുസാധനങ്ങൾ വാങ്ങി കടയിൽ നിന്ന് മടങ്ങാൻ നിന്ന പെൺകുട്ടിയെ പിതാവ് വാഹനത്തിൽ കൂടെക്കൂട്ടി. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി തൊട്ടടുത്തുള്ള കാട്ടിലേക്ക് പെൺകുട്ടിയെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി. അവിടെ വച്ച് ബലാൽസംഗത്തിന് ശ്രമിച്ച പിതാവിനെ കുട്ടി എതിർക്കുകയും അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ പ്രതി കുട്ടിയെ തള്ളിയിട്ടശേഷം കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് മടങ്ങിപ്പോയ പ്രതി അല്പസമയത്തിന് ശേഷം തിരികെയെത്തി കുട്ടിയുടെ മരണം ഉറപ്പാക്കി. ശേഷം വീട്ടിൽ മടങ്ങി എത്തിയ പ്രതി മകളെ കാണാനില്ലെന്ന് ഭാര്യയോട് പറയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ മാസം 13ന് മിയാപൂരിലെ കാട്ടിൽ നിന്ന് കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.