കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മകൻ പിതാവിനെ അടിച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന രാഹുൽ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്റെ ഡോർ തുറന്നതിനെച്ചൊല്ലി ഷാജിയുമായി തർക്കത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന അലവാങ്ക് ഉപയോഗിച്ച് രാഹുൽ പിതാവിനെ അടിക്കുകയായിരുന്നു.
അടിയേറ്റ ഷാജിയെ നാട്ടുകാർ ചേർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു.
സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്ന് തന്നെ രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അക്രമിക്കാൻ ഉപയോഗിച്ച അലവാങ്ക് വീട്ടുമുറ്റത്ത് നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വീട്ടിലെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.