കാമുകിയുടെ ബർഗർ കടിച്ചെന്ന് ആരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചി സെഷൻ ജഡ്ജിയുടെ മകൻ അലി കീരിയോ ആണ് സുഹൃത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സീനിയർ പോലീസ് സൂപ്രണ്ടിന്റെ മകൻ ദനിയൽ ആണ് പ്രതി. ദനിയലിന്റെ കാമുകിയുടെ ബർഗർ കഷ്ണം കടിച്ചെടുത്തെന്ന് പറഞ്ഞാണ് അലിയെ കൊലപ്പെടുത്തിയത്.ഫെബ്രുവരി 8ന് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
സംഭവദിവസം തന്റെ വീട്ടിലേക്ക് കാമുകി ഷസിയയെ ദനിയൽ ക്ഷണിച്ചിരുന്നു. അവിടേക്ക് സുഹൃത്തായ അലി കീരിയോയും സഹോദരനുമെത്തി. ദനിയൽ തനിക്കും കാമുകിക്കുമായി രണ്ട് ബർഗറാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ ബർഗർ വീട്ടിലെത്തിയപ്പോൾ അലി തനിക്കൊരു കഷ്ണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇത് പിന്നീട് വലിയ തർക്കത്തിന് കാരണമായി. ഒടുവിൽ തർക്കത്തിനെ തുടർന്ന് അലിക്കെതിരേ ദനിയൽ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പോലീസ് ഓഫീസറുടെ മകനാണ് പ്രതിയെന്ന് തെളിയുകയും ചെയ്തു. തടവിൽ കഴിയുന്ന പ്രതി ദനിയൽ വിചാരണ നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.