ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭരണത്തിന്‍കീഴില്‍ സമാനതകളില്ലാത്ത ദുരിതമാണ് ഉത്തരകൊറിയന്‍ ജനത അനുഭവിക്കുന്നത്.
താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് വരെ വധശിക്ഷ നല്കുന്ന ഇവിടെ ചിലപ്പോഴൊക്കെ ശിക്ഷയനുഭവിക്കുവാന്‍ അടുത്ത തലമുറകളും വിധിക്കപ്പെടാറുണ്ട് എന്നതാണ് വിചിത്രകരമായ കാര്യം.
ഇത്തരത്തില്‍ ഏറെ അപഹാസ്യമായ ഉത്തരകൊറിയന്‍ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ വിചിത്രമായ മറ്റൊരു രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ സിനിമയുടെ സിഡി വിറ്റു എന്ന കാരണത്താല്‍ പൊതുജനമധ്യത്തില്‍ ഒരാളെ വെടിവെച്ചു കൊന്നിരിക്കുകയാണ് ഇപ്പോള്‍.
കൊല നടത്തുന്നതിനു മുമ്പ് ഇരയുടെ കുടുംബത്തെ സംഭവസ്ഥലത്ത് നിര്‍ബന്ധിച്ച് എത്തിക്കുകയും ചെയ്തു.
വൊന്‍സന്‍ ഫാമിങ് മാനേജ്മെന്റ് കമ്മീഷനില്‍ എഞ്ചിനീയറായ ലീ എന്ന സര്‍നെയിം ഉള്ള വ്യക്തിയാണ് ഇപ്രകാരം 500 പേരുടെ മുന്നില്‍ വച്ച് കൊല്ലപ്പെട്ടത്.
പൗരന്മാര് ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാന്‍ അയല്‍ക്കൂട്ടങ്ങള്‍ അഥവാ പീപ്പിള്‍സ് യൂണിറ്റ് എന്നൊരു സമ്പ്രദായം ഇവിടെയുണ്ട്.
ലീ താമസിക്കുന്ന സ്ഥലത്തെ അയല്‍ക്കൂട്ടത്തിന്റെ തലവന്റെ മകളാണ് ഇയാള്‍ വീഡിയോ വില്‍ക്കുന്ന കാര്യം പോലീസില്‍ അറിയിച്ചതെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു.
അറസ്റ്റിലായി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് ലീയെ വെടിവച്ചു കൊല്ലുന്നത്. അയാളുടേ ഭാര്യയേയും മക്കളേയും ആ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു.
പുതിയ ആന്റി-റിയാക്ഷണറി തോട്ട് ലോയുടേ കീഴില്‍ ഗ്യാങ്വന് പ്രവിശ്യയില്‍ നടപ്പിലാക്കിയ ആദ്യ വധശിക്ഷയാണിത്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനെന്ന പേരില്‍ കൊണ്ടുവന്നതാണ് ഈ പുതിയ കരാളനിയമം.
വധശിക്ഷ നടപ്പിലാക്കിയ ഉടനെ ലീയുടെ മൃതദേഹം ഒരു ചാക്കില്‍ പൊതിഞ്ഞ് പിക്ക് വാനില്‍ കൊണ്ടുപോവുകയായിരുന്നു. ഈ ഭീകര ദൃശ്യത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന ലീയുടെ ഭാര്യ ബോധം കെട്ടുവീണപ്പോള്‍ അവരെയും എടുത്ത് ഒരു വാനിലേക്ക് എറിയുകയായിരുന്നു.
മറ്റുകുടുംബാംഗങ്ങള്‍ കരയാന്‍ പോലും ആകാതെ എല്ലാം അടക്കിപ്പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു. രാജ്യദ്രോഹിയെ വെടിവെച്ചു കൊല്ലുമ്പോള്‍ ആരെങ്കിലും കരഞ്ഞാല്‍ അവരും കുറ്റവാളികളായി കണക്കാക്കപ്പെടും എന്നതാണ് അവിടത്തെ നിയമം ?
സിഡികളും പെന്‍ഡ്രൈവുകളും വിറ്റതായി ഇയാള്‍ സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയവരെ തിരയുന്ന തിരക്കിലാണ് പോലീസ്.
നിലവിലെ നിയമമനുസരിച്ച് ദക്ഷിണ കൊറിയന്‍ സിനിമ കണ്ടാല്‍ തന്നെ നിങ്ങള്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കും.
ഇത്തരത്തില്‍ ആരെങ്കിലും സിനിമ കാണുന്ന വിവരം അറിഞ്ഞിട്ടും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ഏഴുവര്‍ഷം വരെ തടവു ലഭിക്കും. ഇതാണ് ഉത്തരകൊറിയയിലെ നിയമം അനുശാസിക്കുന്നത്.