ബംഗളൂരു: വിവാഹ ദിവസം യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് ഏരിയയിലെ ചമ്പരസനഹള്ളിയിലാണ് സംഭവം. 27 കാരനായ നവീനാണ് 19 കാരിയായ ഭാര്യ ലിഖിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ വീട്ടിലെത്തിയ ദമ്പതികൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാവുകയായിരുന്നു. തുടർന്ന് ഇരുവരും മുറിയിൽ കയറി വാതിൽ പൂട്ടി.
ഏതാനും മിനിറ്റുകൾക്ക് ശേഷം മുറിക്കുള്ളിൽ നിന്ന് ഇരുവരും വഴക്കിടുന്നത് കേട്ട ബന്ധുക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു.
ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ചിലർ ജനലിലൂടെ മുറിയിലേക്ക് നോക്കിയപ്പോഴാണ് നവീൻ ലിഖിതയെ ആക്രമിക്കുന്നത് കണ്ടത്.
തുടർന്ന് ബന്ധുക്കൾ ഓട്ടോയിൽ കയറ്റി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലിഖിത വഴിമധ്യേ മരിക്കുകയായിരുന്നു. നവീൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.