താനെ: പണമിടപാട് തർക്കത്തെ തുടർന്ന് 35 കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ പൊതിഞ്ഞ് എറിഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു വനമേഖലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് തിങ്കളാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതു.
ദമ്പതികൾ വിവാഹിതരായിട്ട് 12 വർഷമായി. പ്രതി ഭാര്യയെ പതിവായി ഉപദ്രവിക്കുകയും മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ വീട്ടുകാർ ഇതിനോടകം 80,000 രൂപ ഇയാൾക്ക് നൽകിയിരുന്നു. ഒരു ഓട്ടോറിക്ഷ വാങ്ങാൻ രണ്ട് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. അത് അവർക്ക് നൽകാൻ കഴിയില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.
ഇതിന്റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. ഞായറാഴ്ച ഭാര്യയുടെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പ്രതി മൃതദേഹം ഒരു വലിയ ഡ്രമ്മിൽ പൊതിഞ്ഞ് അംബർനാഥിനടുത്തുള്ള ഒരു ഓട്ടോറിക്ഷയിൽ വനത്തിലേക്ക് കൊണ്ടുപോയി അവിടെ എറിയുകയായിരുന്നു.
യുവതിയെ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് യുവതിയുടെ അമ്മ പ്രതിയെ വിളിച്ചു. മകളെ കൊന്ന് മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നുവെന്നും താൻ ഒരു പോലീസ് സ്റ്റേഷനിലാണെന്നുമാണ് ഇയാൾ പറഞ്ഞത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.