ചിക്കമംഗളൂരു: ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിർത്തതിനെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ ദർശൻ എന്നയാളെയാണ് അറസ്റ്റിലായത്.
കർണാടകയിലെ ദേവവൃന്ദ ഗ്രാമത്തിലെ ദർശന്റെ വീട്ടിലാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മാതാപിതാക്കൾ എത്തുന്നതിനുമുമ്പ് പ്രതി ശവസംസ്കാരം നടത്താൻ ശ്രമിച്ചു. ഇതിൽ മാതാപിതാക്കൾക്ക് സംശയം തോന്നിയിരുന്നു.
ഭാര്യ സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നാണ് ദർശൻ പറഞ്ഞത്. പിന്നീട്, ശ്വേതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും ഇയാൾ അവകാശപ്പെട്ടു.
തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി.
ശ്വേതയും ദർശനും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നുവെന്നും മൂന്ന് വർഷം മുമ്പാണ് വിവാഹിതരായതെന്നും പോലീസ് പറഞ്ഞു.
ദർശന് തന്റെ ജോലിസ്ഥലത്ത് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്വേത കാമുകിയെ വിളിച്ച് ഭർത്താവുമായുള്ള ബന്ധം തുടരരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതിൽ രോഷാകുലനായ പ്രതി ശ്വേതയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു.