വിവാഹാഭ്യാര്ഥന നിരസിച്ചതിനെത്തുടര്ന്ന് ഒരു കുടുംബത്തിലെ നാലുപേരെ യുവാവ് വീട്ടില് കയറി വെട്ടിപ്പരിക്കേല്പ്പിച്ചു. ചൂലന്നൂരിലാണ് സംഭവം.
കിഴക്കുമുറി കൊഴുക്കുള്ളിപടി മണി (56), ഭാര്യ സുശീല (52), മകന് ഇന്ദ്രജിത്ത് (20), മകള് രേഷ്മ (22) എന്നിവര്ക്കാണു വെട്ടേറ്റത്.
മണിയെയും സുശീലയെയും തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയിലും ഇന്ദ്രജിത്തിനെയും രേഷ്മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴുത്തിനു താഴെ സാരമായി പരുക്കേറ്റ മണിയുടെ നില ഗുരുതരമായി തുടരുന്നു. മറ്റു മൂന്നു പേര് അപകടനില തരണം ചെയ്തതായി ബന്ധുക്കള് പറഞ്ഞു.
പ്രതി പല്ലാവൂര് മാന്തോണി പറമ്പില് മുകേഷ് (35) ഒളിവിലാണ്. വിഷുദിവസം പുലര്ച്ചെ രണ്ടിനാണു സംഭവം. വിവാഹാഭ്യര്ഥന കുടുംബം നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കൈയില് കരുതിയിരുന്ന പെട്രോള് ജനല് വഴി അടുക്കള ഭാഗത്തേക്ക് ഒഴിക്കുകയും തുടര്ന്നു വീടിനു തീ വയ്ക്കുകയും ചെയ്തു.
തീ പടര്ന്നതു കണ്ട് ഭയന്ന മണി മുന്വശത്തെ വാതില് തുറന്ന് പുറത്തേക്കു കടക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തുടര്ന്ന് മണിക്കു പിന്നാലെ എത്തിയ സുശീലയെയും മകള് രേഷ്മയെയും വെട്ടി.
പിന്നീട് ഇന്ദ്രജിത്തിനെ വീട്ടുവളപ്പിലൂടെ ഓടിച്ച് വെട്ടി. ഈ സമയം മണിയും രേഷ്മയും സമീപത്തെ വീട്ടിലെത്തി.
മണി തളര്ന്നു നിലത്തു വീണു. രേഷ്മയുടെ നിലവിളികേട്ട് വീട്ടുകാര് ഉണര്ന്ന് ലൈറ്റിട്ടതോടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
രക്തത്തില് കിടന്നിരുന്ന നാലു പേരെയും നാട്ടുകാരെത്തി ഉടന് ആശുപത്രികളിലേക്കു കൊണ്ടുപോവുകയായിരുന്നു. അയല്വാസികള് ചേര്ന്ന് വീട്ടിലെ തീ അണച്ചു. വെട്ടേറ്റ ഇന്ദ്രജിത്തിന്റെ കൈപ്പത്തി വേര്പ്പെട്ടു.
രേഷ്മയുടെ വലതുകയ്യിലെ രണ്ട് വിരല് വേര്പ്പെട്ട നിലയിലാണ്. സംഭവ സ്ഥലത്തു നിന്ന് ഏഴ് ഏറുപടക്കവും വാക്കത്തിയും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും മൊബൈല് ഫോണും ബാങ്ക് പാസ്ബുക്കും ബാഗും ലഭിച്ചിട്ടുണ്ട്.
രേഷ്മ ആര്പിഎഫ് ഉദ്യോഗസ്ഥയാണ്. ആലത്തൂര് ഡിവൈഎസ്പി കെ.എം.ദേവസ്യ, സിഐ എസ്.ഷൈന് എന്നിവരടങ്ങുന്ന പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.