ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണെന്ന് കര്‍ണാടക ഹൈക്കോടതി.
ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
ഭാര്യയ്ക്കും മക്കള്‍ക്കുമായി മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കാനുള്ള കുടുംബ കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
ഭാര്യയ്ക്ക് ആറായിരം രൂപയും മക്കള്‍ക്കായി നാലായിരം രൂപയും വീതം പ്രതിമാസം നല്‍കണമെന്നായിരുന്നു മൈസൂരു കുടുംബ കോടതി ഉത്തരവിട്ടത്.
നിരവധി അസുഖങ്ങള്‍ അലട്ടുന്ന തനിക്കു സ്ഥിര വരുമാനമുള്ള ജോലിയില്ലെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു.
എങ്ങനെ പോയാലും പതിനയ്യായിരം രൂപയിലധികം മാസം കിട്ടാറില്ല. അതുകൊണ്ടുതന്നെ പതിനായിരം രൂപ ജീവനാംശം നല്‍കാനാവില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു.
ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി.
കരള്‍രോഗിയെന്നു പറയുന്നുണ്ടെങ്കിലും അതിനു മെഡിക്കല്‍ രേഖകളില്ല. ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് പുരുഷന്റെ ഉത്തരവാദിത്വമാണ്. ജോലി ഇല്ലെങ്കില്‍ ജോലി കണ്ടെത്തി അതു നല്‍കണം കോടതി പറഞ്ഞു.