ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് പലവിധ വഞ്ചനകള്‍ നേരിട്ടതിന്റെ കഥകള്‍ ഇടയ്ക്കൊക്കെ ആളുകള്‍ പങ്കുവെയ്ക്കാറുണ്ട്.
ഇത്തരത്തില്‍ ദീപാവലി ഓഫര്‍ പ്രകാരം ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കൊറിയറായി ലഭിച്ചതാവട്ടെ പാറ കഷ്ണവും.
സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം മംഗളുരു സ്വദേശിയായ ചിന്മയ രമണ എന്ന യുവാവ് പങ്കുവെച്ചത്.
ഇയാള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഒരു ലാപ്ടോപ്പാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പറഞ്ഞ തീയതിയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഒരു വലിയ കല്ലും കുറച്ച് ഇ-വേസ്റ്റുമാണെന്ന് മാത്രം.
വഞ്ചിക്കപ്പെട്ടതില് വലിയ വിഷമമുണ്ടെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. തനിക്ക് ലഭിച്ച കല്ലിന്റെയും പാഴ്വസ്തുക്കളുടെയും ഫോട്ടോ അറ്റാച്ചുചെയ്യുന്നതിന് പുറമേ, രമണ ഒരു അണ്‍ബോക്സിംഗ് വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ദീപാവലി സീസണിലുടനീളം ഉപഭോക്താക്കള്‍ക്ക് തെറ്റായ പാക്കേജുകള്‍ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ ഫ്ളിപ്പ്കാര്ട്ടിനെക്കുറിച്ച് ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഡെലിവറിയില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഫ്ളിപ്കാര്‍ട്ട് ഏര്‍പ്പെടുത്തിയിരുന്നു.
പാക്കേജ് ലഭിക്കുമ്പോള്‍, ശരിയായ ഇനങ്ങള്‍ ഡെലിവര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഡെലിവറി ബോയിയുടെ മുന്നില്‍വെച്ച് ഉപഭോക്താവിന് അവസരം ലഭിച്ചിരുന്നു.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്.