വിദ്യാര്‍ഥിനികളുടെ പിജി ഹോസ്റ്റലിന് മുന്നില്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്.
സംഭവത്തിന്റെ വീഡിയോ സഹിതം ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പൊലീസിന് കൈമാറി. എത്രയും വേഗം നടപടി വേണമെന്നാണ് ആവശ്യം.
ജൂണ്‍ 12ന് അര്‍ധരാത്രിയാണ് സംഭവം. ഡല്‍ഹി ഹഡ്സണ്‍ ലെയിനിലെ പിജി ഹോസ്റ്റലിന് മുന്നിലാണ് സംഭവം.
വീഡിയോ പങ്കുവെച്ചുകൊണ്ട് സ്വാതി കുറിച്ചത് ഇങ്ങനെ…”രാത്രിയില്‍ ഗേള്‍സ് ഹോസ്റ്റലിന് പുറത്ത് റോഡില്‍ നില്ക്കുന്ന ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതായി ഞങ്ങള്‍ക്ക് രണ്ട് പരാതികള്‍ ലഭിച്ചു. രണ്ട് വീഡിയോകളും ഒരേ വ്യക്തിയുടേതാണെന്ന് തോന്നുന്നു. ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയം വളരെ ഗൗരവമുള്ളതാണ്”.
വിഷയത്തില്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് (എടിആര്‍) ആവശ്യപ്പെട്ട് ജൂണ്‍ 19 ന് ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ മറുപടി നല്‍കിയില്ല. ഇതോടെ, ജൂണ്‍ 28ന് ഡിസിഡബ്ല്യുവിന് മുന്നില്‍ ഹാജരാകാന്‍ മൗറീസ് നഗറിലെ എസ്എച്ച്ഒയോട് കമ്മീഷന് ആവശ്യപ്പെടുകയും എടിആര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
മദ്യപിച്ചെത്തിയ ഒരാള്‍ തന്നെ അപമാനിച്ചതായി സ്വാതി നേരത്തെ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് സ്വാതി പറഞ്ഞതിങ്ങനെ…രാത്രി ഞാന്‍ ഡല്‍ഹിയിലെ സ്ത്രീ സുരക്ഷയുടെ സാഹചര്യം പരിശോധിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന ഒരു കാര്‍ ഡ്രൈവര്‍ എന്നെ ശല്യപ്പെടുത്തി, ഞാന്‍ അവനെ പിടികൂടിയപ്പോള്‍, അവന് എന്റെ കൈയില്‍ കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തി, എന്നെ വലിച്ചിഴച്ചു.
ദൈവം എന്റെ ജീവന് രക്ഷിച്ചു. വനിതാ കമ്മീഷന് അധ്യക്ഷ ഡല്‍ഹിയില്‍ സുരക്ഷിതയല്ലെങ്കില്‍, സ്ഥിതിഗതികള്‍ ഊഹിക്കാവുന്നതേയുള്ളൂവെന്നും സ്വാതി ട്വീറ്റ് ചെയ്തു.