ആദിവാസി യുവാവിന്റെ ശരീരത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്.
പ്രവേഷ് ശുക്ല എന്നയാളാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്.
നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിച്ചിരുന്നു.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്ക്കെതിരെ കേസെടുക്കാന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആവശ്യപ്പെടുകയായിരുന്നു.
ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാളെ നിലവില് പോലീസ് കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു.
36-കാരനായ ദസ്മത് രാവതിന് നേരെയായിരുന്നു പ്രതിയുടെ അക്രമം. ചോദ്യം ചെയ്യലിനിടെ നിലവില് പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി.
ശുക്ലയെ കുടുക്കുന്നതിനായി ആരോ നിര്മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല് ഈ മൊഴി രാവത്തിനെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന ആരോപണം ഉയര്ന്നിട്ടുണ്ട്.
മധ്യപ്രദേശ് ബി.ജെ.പിയുമായി ബന്ധമുള്ളയാളാണ് പ്രതിയെന്ന് നിലവില് പുറത്ത് വരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
എം.എല്.എമാരായ കേഥാര്നാഥ് ശുക്ല, രാജേന്ദ്ര ശുക്ല എന്നിവരുടെ ഒപ്പമുള്ള ഇയാളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. എന്നാല് ഇയാള് പാര്ട്ടി പ്രവര്ത്തകനല്ലെന്നാണ് ബി.ജെ.പി വാദം.