പൂന്തോട്ടപരിപാലനത്തിൽ അഭിനിവേശമുള്ള പലരെയും നമ്മൾ കണ്ടുമുട്ടാറുണ്ട്. അപ്പാർട്ടുമെൻ്റുകളിൽ താമസിക്കുന്നവർ പലപ്പോഴും ബാൽക്കണി ചെറിയ പൂന്തോട്ടങ്ങളാക്കി മാറ്റുന്നു. എന്നാൽ ചില സസ്യങ്ങൾ വളർത്തുന്നത് നിയമവിരുദ്ധമാണ്. ഈ അനധികൃത ചെടികൾ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടാൽ, അത് വളർത്തുന്നയാൾ നിയമനടപടി നേരിടേണ്ടിവരും.
അടുത്തിടെ ബ്രിട്ടനിൽ അത്തരത്തിലൊരു സംഭവമുണ്ടായി. സംഭവം ഇങ്ങനെയാണ്, കേംബ്രിഡ്ജ്ഷെയർ കോൺസ്റ്റബുലറി പൊലീസ് ഉദ്യോഗസ്ഥർ ഫെൻലാൻഡ് പ്രദേശത്ത് അവരുടെ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഒരു വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുന്ന ചെടികൾ അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂക്ക് സ്ട്രീറ്റിലെ ആ വീട്ടിൽ പരിശോധനയ്ക്കായി എത്തി. പരിശോധനയിൽ 15 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. ഉടൻതന്നെ ചെടികൾ കസ്റ്റഡിയിലെടുത്ത് വീട്ടുടമയെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അത് കഞ്ചാവ് ചെടിയാണെന്ന് അറിയില്ലായിരുന്നു എന്നാണ് വീട് ഉടമ നൽകിയ മറുപടി.
രാജ്യത്ത് നിയമവിരുദ്ധമായ ഇത്തരം ചെടികൾ നട്ടുവളർത്തുന്നതിൽ നിന്നും ആളുകൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഈ ചെടികളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നിരവധി പേരാണ് വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ച് കമന്റ് ചെയ്തത്. ഒരു ഉപയോക്താവ് എഴുതി,-“ഇത് കഞ്ചാവ് ചെടിയോട് സാമ്യമുള്ള മറ്റേതെങ്കിലും ചെടിയാകാം”, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.