നാട്ടിലിറങ്ങുന്ന കാട്ടാന എങ്ങനെയെങ്കിലും തിരിച്ചു പോയാല്‍ മതിയെന്ന വിചാരത്തിലാണ് കാടിനോടു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ ആളുകള്‍ കഴിയുന്നത്. എന്നാല്‍ കാടു കയറാനൊരുങ്ങുന്ന ആനയുടെ വാലില്‍ പിടിച്ച് ഒരാള്‍ വലിക്കുകയാണെങ്കില്‍ അയാളെ എന്തു ചെയ്യണം. ഇത്തരം ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയെ കിടിലം കൊള്ളിക്കുന്നത്. പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തില്‍ നിന്നുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഇവിടെ ആനകളും മനുഷ്യരും തമ്മിലുള്ള സംഘട്ടനങ്ങള്‍ കഴിഞ്ഞ കുറേ മാസങ്ങളായി കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.
ആനയെ ഗ്രാമത്തില്‍ നിന്ന് തുരത്തിയ ആളുകള്‍ തന്നെയാണ് ആനയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ആളുടെ വിഡിയോയും പുറത്ത് വിട്ടത്. മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലില്‍ പിടിച്ചു വലിക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. ഇയാള്‍ അത്രയധികം വേദനപ്പിച്ചിട്ടും ആന തിരിച്ച് ഉപദ്രവിക്കാതെ ഭയപ്പെട്ട് മുന്നോട്ട് ഓടുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ഇയാള്‍ക്കു ചുറ്റുമുള്ള ആളുകള്‍ ഈ പ്രവൃത്തിയില്‍ നിന്ന് അയാളെ പിന്‍തിരിപ്പിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. വടിയും മറ്റ് ആയുധങ്ങളുമായി ആനയുടെ മുന്നിലായെത്തുവരെയും വിഡിയോയില്‍ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഗ്രാമവാസിയുടെ പ്രവൃത്തിയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍രോഷമാണുയരുന്നത്.