ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന് കനത്തശിക്ഷ വിധിച്ച് മഞ്ചേരി കോടതി.
അമരമ്പലം താഴെ ചുള്ളിയോട് കുന്നുമ്മല് മുഹമ്മദ് റിയാസിനാണു മഞ്ചേരി അഡീഷണല് ജില്ലാ സെഷന്സ് കോടതി (ഒന്ന്) ഒരു വര്ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കില് മൂന്നു മാസം അധിക തടവ് അനുഭവിക്കണം. തെളിവുകളുടെ അഭാവത്തെത്തുടര്ന്ന് കേസിലെ രണ്ടാം പ്രതി ഭര്തൃ പിതാവ് അബ്ദു(63), മൂന്നാം പ്രതി ഭര്തൃ മാതാവ് നസീറ(42) എന്നിവരെ വെറുതെവിട്ടു.
2005 മാര്ച്ച് 15നായിരുന്നു റിയാസിന്റെ വിവാഹം. വിവാഹശേഷം അമരമ്പലം അയ്യപ്പന്കുളത്തെ വീട്ടിലും പിന്നീടു താഴെചുള്ളിയോട് തറവാട്ടുവീട്ടിലും താമസിച്ചുവരവെയായിരുന്നു ഇയാള് ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
പരാതിക്കാരിക്ക് വീട്ടുകാര് വിവാഹ സമ്മാനമായി നല്കിയ 35 പവന് സ്വര്ണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റിയാസും കുടുംബവും ചെലവഴിച്ചു തീര്ത്തിരുന്നു.
തുടര്ന്ന്, കൂടുതല് സ്വര്ണവും പണവും ആവശ്യപ്പെട്ടായിരുന്നു പീഡനം. കോഴിക്ക് തീറ്റ കൊടുക്കുന്ന പാത്രത്തില് വരെ ഭക്ഷണം കഴിപ്പിച്ചും മറ്റും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയായിരുന്നു ഇവര്.
2010-2015 കാലയളവില് റിയാസ് ഭാര്യയെ അതി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനങ്ങള്ക്ക് വിധേയയാക്കിയിരുന്നു.
ഭാര്യയെ ജനലില് കെട്ടിയിട്ട ശേഷം യുവതിയുടെ രഹസ്യഭാഗത്ത് പൗഡര് ടിന്, എണ്ണകുപ്പി, ടോര്ച്ച്, എന്നീ സാധനങ്ങള് കുത്തി കയറ്റി വേദനിപ്പിച്ചു ബലാത്സംഗം നടത്തിയിരുന്നുവെന്നായിരുന്നു പരാതി.
എന്നാല് കേസിന്റെ വാദം നടന്ന സമയം ഭാര്യയ്ക്ക് ഭര്ത്താവിനെതിരേ ബലാല്സംഗക്കേസ് കൊടുക്കാന് കഴിയുമോ എന്ന ചോദ്യം പ്രതിഭാഗം ഉയര്ത്തി.
തുടര്ന്ന് ദിവസങ്ങള് നീണ്ട വാദങ്ങള്ക്കൊടുവില് ഭര്ത്താവിനെതിരേ ബലാല്സംഗ കുറ്റകൃത്യം ഒഴിവാക്കി പകരം പ്രകൃതി വിരുദ്ധ പീഡനം നടത്തിയതായി ചേര്ത്ത് ഐപിസി 377 വകുപ്പ് ചുമത്തുകയായിരുന്നു.
കേരളത്തിന് പുറത്തുള്ള വിവിധ ഹൈക്കോടതികള് ഈ വിഷയത്തില് എടുത്ത നിരീക്ഷണം പരിശോധിച്ച് ഭര്ത്താവിനെ കോടതി 377 വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു.
നിലമ്പൂര് പോലീസ് ഇന്സ്പെക്ടറായിരുന്ന പി. അബ്ദുള് ബഷീറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. സി. വാസു ഹാജരായി. സീനിയര് സിവില് പോലീസ് ഓഫീസര് സബിത ഓളക്കല് പ്രോസിക്യൂഷനെ സഹായിച്ചു.
2012ലെ നിര്ഭയ സംഭവത്തിന് ശേഷം 2013ല് ക്രിമിനല് ലോ ഭേദഗതി ചെയ്ത് ബലാല്സംഗത്തിന്റെ നിര്വചനം പരിഷ്ക്കരിച്ചിരുന്നു.
അതിനു ശേഷം ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ യോനി, മലദ്വാരം,മൂത്രനാളി എന്നിവയില് എന്തെങ്കിലും വസ്തുക്കള് പ്രവേശിപ്പിച്ചാല് ബലാത്സംഗത്തിന്റ നിര്വചനത്തില് ഉള്പെടും.
പക്ഷെ ഭര്ത്താവിനെതിരെ ബലാത്സംഗ പരാതി നിലനിക്കില്ല എന്ന നിയമം തുടരുകയുമാണ്. ഇതോടെയാണ് ഈ കേസില് ഭര്ത്താവിനെതിരേ ബലാത്സംഗക്കുറ്റം ഒഴിവാക്കി പ്രകൃതിവിരുദ്ധപീഡനക്കുറ്റം ചുമത്തേണ്ടി വന്നത്.