പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവിതാന്ത്യം വരെ കഠിന തടവും പിഴയും വിധിച്ച് കോടതി.
ഞാറയ്ക്കല് വെളിയത്താംപറമ്പ് ബീച്ചില് വട്ടത്തറ വീട്ടില് ബിജു ഫ്രാന്സിസിനെ(41)യാണ് എറണാകുളം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 5.50 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്.
നാല് വകുപ്പുകളില് നാല് ജീവപര്യന്തം കഠിന തടവും ആറ് വകുപ്പുകളില് 15 വര്ഷം തടവുമാണ് ശിക്ഷ.
ശിക്ഷ ഒരുമിച്ചനുഭവിച്ചാല് മതിയെങ്കിലും ബിജു ശിഷ്ടകാലം മുഴുവന് ജയിലില് കഴിയണമെന്ന് വിധിയില് വ്യക്തമാക്കിയിട്ടുണ്ട്.
പിഴത്തുക പെണ്കുട്ടിക്ക് നല്കണം. ഇതിനു പുറമേ പെണ്കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാന് ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി നടപടിയെടുക്കാനും പോക്സോ കോടതി ജഡ്ജി കെ. സോമന് വിധിയില് നിര്ദേശിച്ചിട്ടുണ്ട്.
പോക്സോ, ഇന്ത്യന് ശിക്ഷാ നിയമങ്ങളിലെ പത്ത് വകുപ്പുകള് പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
2018 ഓഗസ്റ്റ് മുതല് 2019 ജനുവരി വരെയുള്ള കാലത്ത് പെണ്കുട്ടിയെ പ്രതി പല തവണ ലൈംഗിക അതിക്രമത്തിനിരയാക്കി. പെണ്കുട്ടി പരാതിപ്പെട്ടതോടെയാണ് പീഡനം പുറത്തറിഞ്ഞത്.
തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് പ്രതി ചെയ്ത ക്രൂരത സമാനതകളില്ലാത്തതാണെന്നു നിരീക്ഷിച്ചാണ് കഠിനശിക്ഷ നല്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളില് നാല് ജീവപര്യന്തം കഠിന തടവുശിക്ഷ വിധിക്കുന്നത് അപൂര്വമാണ്.പീഡനക്കേസില് അറസ്റ്റിലായ ശേഷം ജയിലിലേക്ക് കഞ്ചാവ് ഓയില് കടത്തിയെന്ന കേസിലും ഇയാള് പ്രതിയായി.
പള്ളുരുത്തി സി.ഐ.മാരായിരുന്ന സിബി ടോം, സില്വസ്റ്റര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം നല്കിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി.എ. ബിന്ദു, അഡ്വ. സരുണ് മാങ്കറ എന്നിവര് ഹാജരായി.