ഒമ്പത് വയസുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിയായ യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി.
അഴൂര്‍ ശാസ്തവട്ടം ചരുവിള പുത്തന്‍ വീട്ടില്‍ മനോജിനെ (35) മൂന്നു വര്‍ഷം വെറും തടവിനും 10,000രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചിരിക്കുന്നത്.
പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആര്.രേഖ വിധി ന്യായത്തില്‍ പറഞ്ഞു. പിഴത്തുക കുട്ടിക്ക് നല്‍കണം.
2021 മാര്‍ച്ച് മൂന്നിനും ഇരുപതിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ അശ്ലീല പദപ്രയോഗങ്ങളോടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നു.
കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തപ്പോള്‍ അവരോടും പ്രതി അശ്ശീല പദപ്രയോഗം നടത്തി. സംഭവത്തില്‍ ഭയന്ന വീട്ടുകാര്‍ ആദ്യ സംഭവത്തിനു ശേഷം പരാതി കൊടുത്തില്ല.
പിന്നീട് ആവര്‍ത്തിച്ചപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറഞ്ഞത്. ചിറയിന്‍കീഴ് പൊലീസ് എത്തി കേസ് എടുത്തു.
മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച കേസില്‍ പ്രതി റിമാന്‍ഡിലാണ്. റിമാന്‍ഡില്‍ കിടക്കവെയാണ് ഈ കേസിന്റെ വിചാരണ നേരിട്ടത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്.വിജയ് മോഹന്‍ ഹാജരായി.
പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാല് രേഖകള്‍ ഹാജരാക്കി. ചിറയിന്‍കീഴ് സബ് ഇന്‍സ്പെക്ടറായ വി.എസ്.വിനീഷാണ് കേസ് അന്വേഷിച്ചത്.