നാണയങ്ങളുമായി എത്തി വാഹനങ്ങളും മറ്റും വാങ്ങി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഇക്കാലത്ത് ഒരു പതിവായിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.
എന്നാല്‍, ഒരു ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
വെട്രിവേല്‍ എന്ന യുവാവാണ് ചാക്കില്‍ നിറച്ച പണവുമായി എത്തി വാഹനവും വാങ്ങി മടങ്ങിയത്.
ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,0000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്.
അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്.
ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നത്.
തമിഴ്നാട്ടിലെ ധര്‍മപുരിക്ക് സമീപം അരൂരില്‍ വെട്രിവേലിന്റെ അമ്മ ഒരു പലച്ചരക്ക് കട നടത്തുന്നുണ്ട്. കടയിലെത്തി സാധാനം വാങ്ങുന്ന ആളുകള്‍ക്ക് ബാക്കി തുകയായി പത്ത് രൂപയുടെ നാണയം നല്കുമ്പോള് അവര്‍ അത് വാങ്ങാന്‍ മടി കാണിക്കുകയും നോട്ട് ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നു.
അതിനുപുറമെ, ബാങ്കുകളില്‍ പോലും പത്ത് രൂപയുടെ നാണയം വാങ്ങാന്‍ മടി കാണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
എണ്ണി തിട്ടപ്പെടുത്താനുള്ള മടി കാരണമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത് വാങ്ങാതിരിക്കുന്നതെന്നാണ് വെട്രിവേല്‍ പറഞ്ഞത്.
അങ്ങനെയാണ് പത്ത് രൂപ നാണയത്തിന്റെ പ്രാധാന്യം ആളുകളില്‍ എത്തിക്കണമെന്ന് തിരുമാനിച്ചത്. ഇതേതുടര്‍ന്ന് കടയില്‍ ലഭിക്കുന്നതും മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും കിട്ടുന്നത്രയും പത്ത് രൂപയുടെ നാണയം വെട്രിവേല്‍ ശേഖരിച്ച് തുടങ്ങുകയായിരുന്നു.
പത്ത് രൂപയുടെ നാണയ ശേഖരം 60,0000 രൂപയിലെത്തിയതോടെ ഇത് ഉപയോഗിച്ച് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.
റിസര്‍വ് ബാങ്ക് പത്ത് രൂപയുടെ നാണയം സ്വീകരിക്കരുതെന്ന് നിര്‍ദേശം ഒന്നും ഇറക്കിയിട്ടില്ലെങ്കിലും നാണയം എണ്ണാന്‍ പ്രത്യേകം സംവിധാനം ഇല്ലാത്തതിനാലാണ് വലിയ അളവില്‍ ഇത് ആരും സ്വീകരിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.
മാരുതിയുടെ ഇക്കോ വാന്‍ വാങ്ങാന്‍ തീരുമാനിച്ച ശേഷം 60,0000 രൂപയുടെ നാണയമാണ് കൈവശമുള്ളതെന്ന് അറിയിച്ചപ്പോള്‍ ഡീലര്‍ഷിപ്പും ആദ്യം ഇത് സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു.
എന്നാല്‍, പിന്നീട് അവര്‍ അത് സ്വീകരിക്കാമെന്ന് അറിയിച്ചതോടെ നാലു ചാക്കുകളിലായി 60,0000 രൂപയ്ക്കുള്ള 10 രൂപയുടെ നാണയവുമായി എത്തുകയും ഷോറൂം ജീവനക്കാര്‍ ഇത് എണ്ണി തിട്ടപ്പെടുത്തിയ ശേഷം വാഹനത്തിന്റെ താക്കോല്‍ അദ്ദേഹത്തിന് കൈമാറുകയുമായിരുന്നു എന്നാണ് വിവരം.