കോട്ടയം: പാടത്ത് ചേറിൽ അകപ്പെട്ട മധ്യവയസ്കന് രക്ഷയുടെ കരംകൊടുത്തു കരയിലെത്തിച്ച് യുവാവ്. കോതനല്ലൂർ ഓലിക്കൽ ബാബുവിനാണ് (53) കുമാരനല്ലൂർ സ്വദേശി ജെസിൻ (38) രക്ഷകനായത്.
ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം. കുടമാളൂർ സെന്റ്. അൽഫോൺസ് പള്ളിക്കു സമീപം പാടശേഖരത്തിൽ ചേറിൽ കുടുങ്ങിയ ബാബുവിന് ജെസിന്റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുംവഴി പാടത്തു വീഴുകയായിരുന്നു.
ഇദ്ദേഹത്തിന്റെ നിലവിളികേട്ട് എത്തിയ ജെസിൻ നാട്ടുകാരെ കൂട്ടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഇതോടെ ജെസിൻ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെത്തിക്കാനായത്. വൈകിട്ട് ആറോടെ ഇയാൾ ചേറിൽ വീണതായി കരുതുന്നു. ഒന്നരമണിക്കൂറോളം ഇവിടെ കിടന്നു നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല.
അനാരോഗ്യം മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു ബാബു. മദ്യപിച്ച് പാടത്തുവീണതാണെന്നുപറഞ്ഞാണ് നാട്ടുകാർ പിന്മാറിയത്. ബന്ധുവീട്ടിലേക്കു എത്തുന്പോൾ നടന്നുപോകുന്ന വഴിയായിരുന്നു ഇത്. മഴ പെയ്തു വെള്ളക്കെട്ടായത് ഇയാൾ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായത്.