പത്തനംതിട്ട: മകൾക്ക് 11 വയസ് പ്രായമായത് മുതൽ അശ്ലീല വീഡിയോകൾ മൊബൈലിൽ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാന്നാർ സ്വദേശിയായ പ്രതിയെ അതിവേഗ കോടതി ശിക്ഷിച്ചു.
പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐപിസിയിലെ വിവിധ വകുപ്പ് പ്രകാരവും 98 വർഷം കഠിന തടവും 525000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 5 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
2019 മുതൽ 2022 കാലയളവുവരെ വിവിധ സമയങ്ങളിലായി പ്രതി സ്വന്തം മകളെ ലൈംഗികപരമായി ദുരിപയോഗം ചെയ്തു. ഇക്കാര്യം മറ്റാരോടും പറയരുതെന്ന് മകളെ ഇയാൾ ഭീഷണിപ്പെടുത്തകയും ചെയ്തിരുന്നു.
സ്വന്തം വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി മകളെ പീഡിപ്പിച്ചിരുന്നത്. 2022ൽ ഇത്തരത്തിൽ മകൾക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുന്നത് അയൽവാസിയായ സ്ത്രീ കണ്ടതോടെയാണ് കുട്ടിയുടെ അമ്മ വിവരങ്ങൾ അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
പ്രതി മുൻപ് വിവാഹിതനാണെന്ന വിവരം മറച്ച് വച്ചാണ് പെൺകുട്ടിയുടെ മാതാവിനെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തിലും പ്രതിക്ക് 3 കുട്ടികൾ ഉണ്ട്. രണ്ടാം വിവാഹത്തിലെ 2 കുട്ടികളിൽ മൂത്ത കുട്ടിയാണ് പീഡനത്തിനിരയായത്.
കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പെൺകുട്ടി നടന്ന സംഭവങ്ങൾ തുറന്നു പറയാൻ തയാറായില്ലായിരുന്നു. മെഡിക്കൽ പരിശോധനയിൽ ലൈംഗിക പീഡനം വെളിവായതിനെ തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതോടെ താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് കുട്ടി പോലീസിനോട് പറയുകയായിരുന്നു. പിതാവിൽ നിന്ന് നേരിട്ട പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നു.