തളിപ്പറമ്പ്: മൺസൂൺ ബമ്പര്‍ ലോട്ടറി തട്ടിയെടുത്തുവെന്ന കേസിൽ സമ്മാനാർഹമായ ലോട്ടറി പോലീസ് പരിശോധയ്ക്ക് വേണ്ടി വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് വാങ്ങാൻ നടപടിക്രമങ്ങൾ തുടങ്ങി. ഒന്നാം സമ്മാനം ലഭിച്ചുവെന്ന് പറഞ്ഞ ടിക്കറ്റ് ബാങ്കിന് കൈമാറിയ പറശിനിക്കടവിലെ അജിതനെ സംശയിക്കുന്നതായാണ് പരാതിയുള്ളത്. കഴിഞ്ഞ ദിവസം പോലീസ് അജിതനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
തമിഴ്നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്റെ (49) പരാതിയിലാണ് കേസ്. അഞ്ച് കോടി രൂപയാണ് കഴിഞ്ഞ ജൂലായ് 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് അടങ്ങിയ പേഴ്സ് പറശിനിക്കടവ് ക്ഷേത്രപരിസരത്തു വച്ച് തട്ടിയെടുത്തതായാണ് മുനിയന്‍ നല്കിയ പരാതി.
30 വര്‍ഷമായി കോഴിക്കോട് താമസിക്കുന്ന മുനിയന്‍ ടാക്സി ഡ്രൈവറാണ്. എല്ലാ മാസവും പറശിനിക്കടവില്‍ വരുന്ന ഇദ്ദേഹം ജൂണ്‍ 16 നാണ് പറശിനിക്കടവില്‍ വന്നപ്പോള്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്. ജൂണ്‍ 26 ന് വീണ്ടും പറശിനിക്കടവില്‍ വന്നപ്പോള്‍ പേഴ്സ് ഉള്‍പ്പെടെ പോക്കറ്റടിച്ച് ടിക്കറ്റ് നഷ്ടമായെന്നാണ് പരാതി. ടിക്കറ്റിന് പുറകില്‍ പേരെഴുതിയതായും മുനിയന്‍ പറയുന്നു. മുനിയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ലോട്ടറി വകുപ്പ് സമ്മാനത്തുക നല്‍കുന്നത് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കയാണ്.