രാത്രിയില് വീട്ടിലെത്താന് ബസ് കാത്തു നില്ക്കുമ്പോള് ബസ് വന്നില്ലെങ്കില് എന്തുചെയ്യും ? ഒരു ബസ് മോഷ്ടിച്ച് അങ്ങ് ഓടിച്ചു പോകുമെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് കാട്ടിത്തന്നത്.
ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ബസ് മോഷ്ടിച്ചത്.
ജീവനക്കാരും പോലീസും മണിക്കൂറുകള് നേരം നടത്തിയ തിരച്ചലിലാണ് കന്ഡീസ ഗ്രാമത്തില് നിന്ന് ബസ് കണ്ടെത്തിയത്.
ഡ്രൈവര് രാവിലെ ജോലിയ്ക്കായി എത്തിയപ്പോള് ബസ് കാണാനില്ലായിരുന്നു. തുടര്ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു.
ജീവനക്കാര് പ്രദേശേത്ത് തിരച്ചില് നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്ന്ന് എപിഎസ്ആര്ടിസി അധികൃതര് വങ്ങാര പോലീസില് പരാതി നല്കി.
എപിഎസ്ആര്ടിസി ജീവനക്കാരുടെ സഹായത്തോടെ പോലീസ് സമീപപ്രദേശത്തേക്കും തിരച്ചില് വ്യാപിപ്പിച്ചു.
മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് കന്ഡീസ ഗ്രാമത്തില് ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ താനാണ് ബസ് മോഷ്ടിച്ചതെന്ന് ചൗധരി സുരേഷ് പറഞ്ഞു.
രാജമില് നിന്ന് വങ്ങാരയില് എത്തിയപ്പോള് ഏറെ നേരം കാത്തുനിന്നിട്ടും നാട്ടിലേക്ക് ബസ് കിട്ടിയില്ല.
അതിനിടെ അവിടെ പാര്ക്ക് ചെയ്ത ബസുമായി വീട്ടിലേക്ക് പോകുകയായിരുന്നെന്ന് ഇയാള് പോലീസിനോട് പറഞ്ഞു.
ബസുമായി നാട്ടിലേക്ക് പോയത് മദ്യലഹരിയിലായിരുന്നെന്നും ഇയാള്ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുത്തതായും പോലീസ് പറഞ്ഞു.