കാർ മോഷണത്തിൽ സ്പെഷലൈസ് ചെയ്തിട്ടുള്ള കള്ളൻമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ കാറിന്റെ കന്പനി ലോഗോ മാത്രം ഉൗരിക്കൊണ്ടുപോകുന്ന കള്ളൻമാരെക്കുറിച്ച് കേട്ടിട്ടുണ്ടോ?-അങ്ങനെയുമുണ്ട് കള്ളൻമാർ. അങ്ങു ചൈനയിലാണെന്ന് മാത്രം.
25 വയസുകാരനായ ഈ ബെൻസ് ലോഗോ കള്ളൻ ബെൻസ് കാറുകളിൽനിന്ന് ലോഗോ മോഷ്ടിക്കുക മാത്രമല്ല,അത് ഉൗരി മാറ്റുന്ന വീഡിയോ എടുത്ത് ചൈനീസ് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ടിക് ടോക്കിൽ പ്രശസ്തനാകാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പിടിയിലായ യുവാവ് പറഞ്ഞു.
മുന്പ് ഇയാളുടെ ടിക് ടോക്ക് പോസ്റ്റുകളൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതിൽ സങ്കടപ്പെട്ട് എങ്ങനെയെങ്കിലും പോസ്റ്റുകൾക്ക് ലൈക്ക് കൂട്ടാൻ ഇയാൾ തീരുമാനിച്ചു. ബെൻസ് കാറുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് കൂടുതൽ ലൈക്കുകൾ കിട്ടുന്നുണ്ടെന്ന് മനസിലാക്കിയ യുവാവ് മറ്റുള്ളവരുടെ കാറുകളിൽനിന്ന് ഇവ ഉൗരിയെടുക്കുന്നതിന്റെ വീഡിയോ എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതുവരെ 12 കാറുകളുടെ ലോഗോയാണ് ഇയാൾ ഉൗരിയെടുത്തത്. കാറുടമകൾ നൽകിയ പരാതിയിൽ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. ഉൗരിയെടുത്ത ലോഗോകൾ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.