പേര് വിനയായി…. കൂട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ പരിഹാസനായി രാഹുൽ; പേര് മാറ്റിവന്നാൽ ലോൺ നൽകാമെന്ന് ബാങ്കുകാരും; ഗതികെട്ട് പേരിലെ വാലറ്റം മാറ്റാനൊരുങ്ങി ബിസിനസുകാരൻ…

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇത് കഷ്ടകാലമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ നയിച്ച കോണ്‍ഗ്രസ് വന്‍പരാജയ മേറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചത്. എന്നാല്‍ രാഹുലിനെപ്പോലെ തന്നെ അതേ പേരില്‍ മറ്റൊരു ഗതികെട്ടയാള്‍ മധ്യപ്രദേശില്‍ ജീവിക്കുന്നുണ്ട്.

ചെറിയൊരു ബിസിനസ് തുടങ്ങുന്നതിനായി വായ്പ എടുക്കാനുള്ള ഈ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെല്ലാം മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വീണിരിക്കുകയാണ്. എന്നാലും ഇങ്ങനൊരു പേരും കൊണ്ട് പുലിവാല് പിടിക്കുമെന്ന് രാഹുല്‍ ഒരിക്കലും കരുതിയിരിക്കില്ല. ഇയാള്‍ക്ക് ബിസിനസ് ചെയ്യുന്നതിനായുള്ള വായ്പ അനുവദിക്കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. പല ബാങ്കുകള്‍ കയറി ഇറങ്ങിയെങ്കിലും ഒരാള്‍ പോലും വായ്പ നല്‍കാന്‍ തയ്യാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ടെലികോം ഓപ്പറേറ്റര്‍മാര്‍ സിം കാര്‍ഡ് പോലും ഈ പാവത്തിന് നല്‍കുന്നില്ല. നിര്‍ഭാഗ്യം ഇങ്ങനെയും ഉണ്ടാവുമോ.

ആധാര്‍ കാര്‍ഡ് മാത്രമാണ് തനിക്ക് തിരിച്ചറിയല്‍ രേഖയായി ഉള്ളതെന്ന് രാഹുല്‍ പറയുന്നു. സിംകാര്‍ഡ് ലഭിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് സമര്‍പ്പിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരിനോടുള്ള സാമ്യം ചൂണ്ടിക്കാണിച്ച് തന്നെ സംശയത്തോടെ നോക്കിയതായി രാഹുല്‍ ഓര്‍ക്കുന്നു. മറ്റു കാര്യങ്ങളിലും സമാനമായ അനുഭവം നേരിട്ടതായും അദ്ദേഹം പറയുന്നു. അജ്ഞാതരോട് ഫോണില്‍ തന്നെ പരിചയപ്പെടുത്തുമ്പോഴും സമാനമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. രാഹുല്‍ ഗാന്ധി എങ്ങനെയാണ് ഇന്‍ഡോറില്‍ താമസിക്കുന്നത് എന്ന് പറഞ്ഞ് തന്നെ ഒരു വ്യാജ കോളറായാണ് ഇവര്‍ ചിത്രീകരിച്ചതെന്നും രാഹുല്‍ പറയുന്നു.

മധ്യപ്രദേശില്‍ അകന്ദ്‌നഗര്‍ സ്വദേശിയാണ് ഈ രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് ഗാന്ധി എന്ന പേര്. ഇയാള്‍ക്ക് സാധനങ്ങള്‍ നല്‍കാന്‍ പോലും വ്യാപാരികള്‍ക്ക് മടിയാണ്. ഇയാളുടെ പേരാണ് ദൗര്‍ഭാഗ്യമെന്നാണ് പറയപ്പെടുന്നത്. അതേസമയം സിം കാര്‍ഡ് സ്വന്തം സഹോദരന്റെ പേരില്‍ വാങ്ങാനാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് വസ്‌ത്രോല്‍പ്പന വ്യാപാരിയായ രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ഈ ദൗര്‍ഭാഗ്യത്തിന്റെ പേരില്‍ സുഹൃത്തുക്കളില്‍ നിന്നുപോലും ഇയാള്‍ പരിഹാസം നേരിടുകയാണ്.

മുന്‍ അധ്യക്ഷന്‍ രാഹുലുമായിട്ടാണ് ഇവര്‍ ഇയാളെ താരതമ്യം ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പേര് ഇയാള്‍ തട്ടിയെടുത്തെന്നും, അതേ പേരില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയെന്നുമാണ് ഇവരുടെ വാദം. വായ്പയ്ക്കായി ബാങ്കിലേക്ക് വിളിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയോ എന്നായിരുന്നു പരിഹാസം. അതേസമയം ഇയാള്‍ പേരില്‍ നിന്ന് ഗാന്ധി മാറ്റി മാളവ്യ ആക്കാന്‍ ഒരുങ്ങുകയാണ്.

അര്‍ദ്ധ സൈനിക വിഭാഗത്തില്‍ തന്റെ അച്ഛന്‍ അലക്കുകാരനായി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് തന്റെ പേരിന്റെ കാരണമെന്ന് രാഹുല്‍ പറയുന്നു. രാജേഷ് മാളവ്യ എന്നായിരുന്നു അച്ഛന്റെ പേര്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വ്വം അച്ഛനെ ഗാന്ധി എന്നാണ് വിളിച്ചിരുന്നത്. തുടര്‍ന്ന് ഈ പേരിനോട് അച്ഛന് തോന്നിയ അടുപ്പമാണ് തന്റെ പേരിന്റെ കൂടെ ഗാന്ധി കൂടി ചേര്‍ക്കാന്‍ കാരണമെന്ന് രാഹുല്‍ ഓര്‍ക്കുന്നു. സ്‌കൂള്‍ പ്രവേശനത്തിന് രാഹുല്‍ മാളവ്യ എന്ന് നല്‍കുന്നതിന് പകരം രാഹുല്‍ ഗാന്ധി എന്നാണ് നല്‍കിയതെന്നും ഇദ്ദേഹം പറയുന്നു. അതിനാല്‍ തന്നെ ജീവിതം വഴിമുട്ടിച്ച രാഹുല്‍ ഗാന്ധിയെന്ന പേര് രാഹുല്‍ മാളവ്യ എന്നാക്കാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്.

Related posts