അടൂര്‍: ആത്മഹത്യാഭീഷണി മുഴക്കി 110 കെവി ട്രാന്സ്മിഷന് ടവറില്‍ പെട്രോളുമായി കയറിയ യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കി. മാലക്കോട് പറക്കോട് വീട്ടില്‍ രതീഷ് ദിവാകരനാണ് (39) ടവറില്‍ കയറിയത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ 30 മീറ്ററോളം ഉയരമുള്ള ടവറില്‍ നിന്നാണ് യുവാവിനെ താഴെ ഇറക്കിയത്.
ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് കുമാറിനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്ഥലത്തെത്തിച്ചാണ് അനുനയശ്രമം നടത്തിയത്. സ്റ്റേഷന് ഓഫീസര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ സംഘവും ഇയാളെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ പെട്രോളുമായി നിന്ന രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനോ, രതീഷിന്റെ അടുത്തേക്ക് ഫയര്‍ ഫോഴ്സ് സംഘത്തിന് എത്താനോ കഴിഞ്ഞില്ല.
ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്ഥലത്ത് എത്തിച്ചാല്‍ മാത്രമേ താഴെ ഇറങ്ങൂവെന്ന നിലപാട് രതീഷ് എടുത്തതോടെ അയാള്‍ പറഞ്ഞ പെണ്‍കുട്ടിയെ പോലീസ് സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് ഇയാള്‍ താഴേക്ക് ഇറങ്ങിയെങ്കിലും പിന്നീട് ഇറങ്ങാനാവാതെ ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ കുടുങ്ങി ഇരിക്കുകയായിരുന്നു.
സ്റ്റേഷന് ഓഫിസറുടെ നിര്‍ദേശപ്രകാരം സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ മഹേഷ്. ഇ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സന്തോഷ് എസ് എന്നിവര്‍ ടവറിലെക്ക് കയറി രതീഷിനെ അനുനയിപ്പിച്ചും താങ്ങിയും താഴെ എത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. കെഎസ്ഇബിയുടെ പരാതി പ്രകാരം പോലിസ് കേസെടുത്തു.