ചെന്നൈയില് ഈദ് വിരുന്നിനെത്തിയ അതിഥി മോഷ്ടിച്ച ആഭരണങ്ങള് വിഴുങ്ങിയതോടെ പെട്ടത് വീട്ടുകാര്. ഒടുവില് ഡോക്ടര്മാര് വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങള് തിരിച്ചെടുത്തത്.
ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സല്ക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോള് ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി.
ഇവിടെ നിന്നും 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങള് മോഷ്ടിക്കുകയായിരുന്നു. തുടര്ന്ന് പിടിക്കപ്പെടാതിരിക്കാന് ബിരിയാണി കഴിക്കവെ ഇയാള് ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി.
വിരുന്ന് കഴിഞ്ഞ് അതിഥികള് പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വര്ണാഭരണങ്ങള് എന്നിവ കാണാനില്ലെന്ന് വീട്ടുകാര് തിരിച്ചറിഞ്ഞത്.
അതിഥികളെ വിളിച്ച് ഇവര് പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനില് ഇവര് സംശയം പ്രകടിപ്പിച്ചത്.
ഉടനെ തന്നെ വിരുഗമ്പക്കം പോലീസ് സ്റ്റേഷനില് പരാതിയും നല്കി. പോലീസ് ചോദ്യം ചെയ്യലില് ഇയാള് കുറ്റം സമ്മതിച്ചു.
വയറില് ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടര്മാര് മുഖേന ഇയാള്ക്ക് വയറിളക്കാനുള്ള മരുന്ന് നല്കി.
പിറ്റേ ദിവസം വയറിളകിയതോടെ നെക്ലേസും സ്വര്ണവും തിരിച്ചു കിട്ടി. എന്നാല് ഒരു ലോക്കറ്റ് വയറില് കുടുങ്ങിക്കിടന്നു.
ഒടുവില് വയര് പിന്നെയും മയപ്പെടാന് വേണ്ടി വീണ്ടും മരുന്ന് നല്കി ലോക്കറ്റും തിരിച്ചെടുത്തു. താന് മദ്യലഹരിയില് ചെയ്ത് പോയതാണെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി.
ആഭരണം തിരിച്ചു കിട്ടിയതോടെ പരാതിക്കാരി പരാതി പിന്വലിക്കുകയും ചെയ്തു. എന്തായാലും സംഗതി ഇത്തിരി കടുത്തുപോയെന്നാണ് കേട്ടവരെല്ലാം പറയുന്നത്.