30 യുവതികളെ വഞ്ചിച്ച് അഞ്ച് വർഷത്തിനിടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി 25 കാരന്റെ കുറ്റസമ്മതം. അഞ്ച് വർഷം കൊണ്ട് 58 ലക്ഷം രൂപയാണ് നൈജീരിയയിൽ നിന്നുള്ള ക്രിസ് മാക്സ്വെൽ എന്ന യുവാവ് തട്ടിയെടുത്തത്.
ആളുകളെ കബിളിപ്പിച്ച് ലഭിച്ച ഈ പണം ഉപയോഗിച്ച് ആഡംബ ജീവിതം നയിച്ച യുവാവ് തന്നെയാണ് അവസാനം കുറ്റബോധത്തെ തുടർന്ന് സത്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർഥിയായിരിക്കെ തന്റെ 17-ാം വയസിലാണ് തട്ടിപ്പിന് തുടക്കമിട്ടതെന്ന് ക്രിസ് മാക്സ്വൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ യുഎസ്, യുകെ, കാനഡ, ജർമ്മനി എന്നിവിടങ്ങളിലെ യുവതികളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
തട്ടിപ്പിന്റെ ആദ്യപടിയായി ഈ യുവതികളുടെ താൽപ്പര്യങ്ങൾ തിരിച്ചറിയുകയും അതിലൂടെ അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യും . പിന്നീട് അവരുമായി ഒരു ബന്ധം വളർത്തുന്നതിലേക്ക് കടക്കും. ആ ഘട്ടവും വിജയിക്കുന്നതോടെ തട്ടിപ്പിന്റെ പ്രധാനഘട്ടം പൂർത്തിയാകും. പിന്നീട് പലവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.
ഓൺലൈനിൽ ഒരു വർഷത്തോളം ഇടപഴകിയ ഒരു അമേരിക്കൻ യുവതിയെ തനിക്ക് 24 ലക്ഷം രൂപ (30,000 ഡോളർ) നൽകാൻ പ്രേരിപ്പിച്ചതായി ക്രിസ് തന്റെ കുറ്റ സമ്മതത്തിൽ പറയുന്നു. ഈ പ്രേരണയ്ക്ക് വഴങ്ങി അവൾ പണം നൽകിയെന്നും ക്രിസ് വ്യക്തമാക്കി.
ഒരു സൈനികൻ എന്ന വ്യാജേനയാണ് അമേരിക്കൻ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് ക്രിസ് തന്റെ ഇരകളെ തന്നിലേക്ക് ആകർഷിച്ചത്. പ്രണയ തട്ടിപ്പിന് തന്നെ നൈജീരിയയിൽ വെച്ച് അറസ്റ്റ് ചെയ്തെങ്കിലും ഔപചാരികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തി.
ഇയാൾ തട്ടിയെടുത്ത പണം ഒന്നും തന്നെ യുവതികൾക്ക് കൈമാറിയിട്ടില്ല. എന്നാൽ തനിക്ക് ചെയ്തുപോയ കാര്യങ്ങളിൽ കുറ്റബോധമുണ്ടെന്നും ആഡംബര ജീവിതം മടുത്തുവെന്നുമാണ് പറയുന്നത്.