കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത.
പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്.
ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു.
റാബിയയുടെ ദുരവസ്ഥയറിഞ്ഞ കോടതി ഇവര്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന്റെ നിര്‍ദയമായ മനസ്സ് ഇവരെ നരകിപ്പിക്കുകയാണ്.
പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞതായിപ്പോയും ഭര്‍ത്താവ് നടിക്കുന്നില്ല.
വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും.
രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും. മറ്റ് വഴികളില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്കറിയില്ല.
റാബിയയും കുടുംബവും ഉന്നയിക്കുന്ന പരാതികള്‍ വ്യാജമെന്നാണ് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിലായതിനാലാണ് വീട്ടിലേക്കെത്താന്‍ കഴിയാത്തതെന്നും ഇവര്‍ പ്രതികരിച്ചു.