വിവാഹം കഴിഞ്ഞ് 48 മണിക്കൂറിന് ശേഷം വധുവിനെ ഭർതൃവീട്ടുകാർ വീട്ടിൽ നിന്ന് പുറത്താക്കിയ വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ അന്യായമായ പെരുമാറ്റം സംബന്ധിച്ച് വധുവിൻ്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വരന്റെ അച്ഛനാണ് അവരുടെ വീട്ടിൽ നിന്ന് വധുവിനെ ഇറക്കി വിട്ടത്.
വധുവിന്റെ കാൽ കണ്ട അമ്മായിഅച്ഛന് ദേഷ്യം വരുകയും, പെണ്ണിന്റെ കാലിന് എന്തോ കുഴപ്പമുണ്ട് എന്നാരോപിച്ച് വീട്ടിൽ നിന്ന് വധുവിനെ പുറത്താക്കുകയും ചെയ്തു. ഏറെ സങ്കടകരമായ ഒരു കാര്യം കൂടി ഇതേ തുടർന്നുണ്ടായി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും തിരികെ എത്തിച്ച വിവരമറിഞ്ഞതിന് പിന്നാലെ യുവതിയുടെ അമ്മയുടെ അച്ഛൻ മരണപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവതിയുടെയും വരന്റെയും കുടുംബം സൈനികപശ്ചാത്തമുള്ളവരുടേതാണ്. യുവതിയുടെ അമ്മായിഅച്ഛനും വിമുക്തഭടനാണ്. എന്നാൽ, വിവാഹം കഴിഞ്ഞ് അധികം കഴിയും മുമ്പ് തന്നെ അമ്മായിഅച്ഛൻ യുവതിയുടെ കാലിന് കുഴപ്പമുണ്ട് എന്ന് ആരോപിക്കുകയായിരുന്നു. പിന്നാലെ വീട്ടിൽ നിന്നും പുറത്താക്കി. അതോടെ ആകെ പ്രശ്നമാവുകയും യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം ഫാമിലി കൗൺസിലിംഗ് സെന്ററിലെ കൗൺസിലറായ ഡോ.അനുരാഗ് പാലിവാൾ പറയുന്നത്, ഭർത്താവിന്റെ വീട്ടുകാർ ആരോപിക്കുന്ന തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും പെൺകുട്ടിയുടെ കാലിനില്ല എന്നാണ്. യുവതിയുടെ വീട്ടുകാരും അതേ വാദത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. വരന്റെ കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണ് എന്നും യുവതിയുടെ കാലിന് അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കുടുംബം പറയുന്നു.