ലോകകപ്പിന്റെ ആവേശം കേരളത്തിലും പ്രകടമാണ്. നാടെങ്ങും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെയും നെയ്മറിന്റെയുമൊക്കെ ഫ്ളക്സ് ബോര്ഡുകള് ഉയരുകയാണ്.
കൂടാതെ ഇഷ്ടടീമിന്റെ പതാകകളും പലയിടങ്ങളിലും പാറുന്നുണ്ട്. ഇതിനിടയില് പോര്ച്ചുഗലിന്റെ പതാക വലിച്ചു കീറിയ യുവാവാണ് ഇപ്പോള് വാര്ത്തകളില് ഇടംപിടിക്കുന്നത്.
കണ്ണൂര് പാനൂര് വൈദ്യര് പീടികയില് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. എസ്ഡിപിഐയുടെ പതാകയാണെന്ന് കരുതിയാണ് പോര്ച്ചുഗലിന്റെ പതാക യുവാവ് കീറിയത്.
ലോകകപ്പില് പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ടാണ് കൊടി കെട്ടിയിരുന്നത്. പോര്ച്ചുഗല് ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതെന്ന് യുവാവ് പറഞ്ഞത്.
ഇരു കൊടികളും തമ്മില് സാമ്യമുണ്ടെന്നതാണ് യുവാവിനെ ചതിച്ചത്. യുവാവ് പോര്ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായിട്ടുണ്ട്.
എന്നാല് ഇയാള് മെസി ഫാന് ആണെന്നും ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്ഡോയുള്ള ദേഷ്യത്തിന്റെ പുറത്ത് പോര്ച്ചുഗലിന്റെ കൊടി മനപ്പൂര്വം കീറിയതാണെന്നും ചില പോര്ച്ചുഗല് ആരാധകര് പറയുന്നുണ്ട്.
പിടി വീണപ്പോള് രക്ഷപ്പെടാനായാണ് എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതിയാണ് കീറിയതെന്നു പറഞ്ഞതെന്നും പോര്ച്ചുഗല് ആരാധകര് പറയുന്നു.
കട്ടൗട്ട് യുദ്ധങ്ങളും ഒരുമിച്ച് മത്സരങ്ങള് കാണുന്നതിനുള്ള കൂറ്റന് സ്ക്രീനുകള് സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളും ഇപ്പോള് തകൃതിയാണ്.
ഇത്തവണ പോര്ച്ചുഗല് മികച്ച ടീമുമായാണ് ഖത്തറില് എത്തിയിരിക്കുന്നത്. സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ നയിക്കുന്ന ടീമില് ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്ണാണ്ടസ്, ബെര്ണാഡോ സില്വ, പെപ്പെ, റൂബന് ഡയസ് തുടങ്ങിയവരെല്ലാം ഇടംപിടിച്ചിട്ടുണ്ട്.
ഗ്രൂപ്പ് എച്ചില് ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്ക്കൊപ്പമാണ് പോര്ച്ചുഗല്. എന്തായാലും ആരാധകര് തമ്മിലുള്ള യുദ്ധവും തുടങ്ങിക്കഴിഞ്ഞു.