ലക്നോ: സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു. ഗ്രേറ്റർ നോയിഡയിലെ പാവ്ലി ഗ്രാമവാസിയായ ശിവം സിംഗ് (35) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്.
സൂരജ്പുരിലെ അഡീഷണൽ ജില്ലാ ജഡ്ജി ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ വാദം തുടങ്ങിയതോടെ ശിവം സിംഗ് വസ്ത്രത്തിൽനിന്ന് ബ്ലേഡ് ഊരി കഴുത്തു മുറിക്കുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച ഇയാൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. 2022ൽ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.