വര്ക്കല ബീച്ചില് വിദേശ വനിതയ്ക്ക് നേരെ അതിക്രമം. ഞായറാഴ്ച രാവിലെയാണ് സംഭവം.
സര്ഫിങ് നടത്തുന്നതിനിടയില് തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള് പൊട്ടിയ ബിയര് കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
താന് സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള് പ്രശ്നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.
സ്ഥലത്ത് സര്ഫിങ്ങിനെത്തുന്ന വിദേശ വനിതകള്ക്ക് നേരെ സമാനമായ സംഭവങ്ങള് മുന്പും ഉണ്ടായിരുന്നതായി നാട്ടുകാര് പറഞ്ഞു.
മുന്പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്ഫിങ് നടത്തുന്നവരും അയിരൂര് പോലീസില് അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം.
ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവം അറിയിക്കാന് വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ല. കഴിഞ്ഞയാഴ്ച വ്ളോഗറായ ഒരു യുവതി വിഷയം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില് ടാഗും ചെയ്തു. ഒരു മില്യണിലധികം ആളുകള് വീഡിയോ കണ്ടിട്ടും അധികൃതര് ആരും തന്നെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്ളോഗറായ യുവതി പറയുന്നത്.
അതേസമയം, പ്രശ്നമുണ്ടാക്കിയ ആള് മാനസികരോഗി ആണെന്നാണ് പോലീസിന്റെ പ്രതികരണം.
കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നെന്നും പറയുന്നു. എന്നാല് ഇപ്പോള് വീണ്ടും എങ്ങനെ ഇയാള് ബീച്ചിലെത്തിയെന്ന ചോദ്യമാണുയരുന്നത്.