പാലക്കാട് മണ്ണാര്‍ക്കാട് പടക്കം വച്ച് എടിഎം മെഷീന് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ആണ് പ്രതി ആക്രമിച്ചത്. എന്നാല്‍ അലാമടിച്ചതിനാല് മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.
നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്കുമണിഞ്ഞാണ് മോഷ്ടാവ് എടിഎം കൗണ്ടറിലെത്തിയത്. തുടര്‍ന്ന് എടിഎമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടുകയായിരുന്നു.
പടക്കം പൊട്ടിയതോടൊപ്പംതന്നെ എടിഎമ്മിലെ അലാമും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് സ്ഥലംവിടുകയായിരുന്നു.
അലാമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി.
ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു.
എന്നാല്‍ പോലീസെത്തുംമുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.