സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് തട്ടിപ്പുകാരും തട്ടിപ്പുകള് അപ്ഡേറ്റ് ചെയ്യാറുണ്ട്. ഒട്ടുമിക്ക ഓണ്ലൈന് ആപ്പുകളും പലരും തട്ടിപ്പിനുപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില് പങ്കുവെച്ച കുറിപ്പ് സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഒരു മാട്രിമോണിയല് സൈറ്റ് വഴി തന്റെ കയ്യില് നിന്നും 45 ലക്ഷം രൂപ തട്ടിയെടുക്കാന് ചിലര് ശ്രമിച്ചതിനെ കുറിച്ചായിരുന്നു യുവതിയുടെ കുറിപ്പ്.
‘ഷാദി ഡോട്ട് കോം തട്ടിപ്പ്’ എന്ന പേരിലാണ് യുവതി തനിക്കുണ്ടായ അനുഭവം വിവരിച്ചത്. പല മാട്രിമോണിയല് സൈറ്റുകളിലും പ്രീമിയം ഉപഭോക്താക്കള്ക്ക് പരസ്പരം കോണ്ടാക്ട് നമ്പറുകള് ഉള്പ്പെടെ കാണാനും ചാറ്റ് ചെയ്യാനുള്ള അവസരമുണ്ട്.
അത്തരത്തില് സൈറ്റില് നിന്നും യുവതിയുടെ മുഴുവന് വിവരങ്ങളും കോണ്ടാക്ട് നമ്പറും ലഭിച്ച ഒരാള് വാട്സാപ്പിലൂടെ അവരെ ബന്ധപ്പെട്ടു.
ആദ്യ രണ്ട് ദിവസത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം താന് ആളുകളെ വിദേശത്തേക്ക് കുടിയേറാന് സഹായിക്കുന്ന ഒരു കമ്പനിയില് ജോലി ചെയ്യുന്നുണ്ടെന്ന് ഇയാള് യുവതിയെ ധരിപ്പിച്ചു.
ഒപ്പം താന് കാനഡയ്ക്ക് കുടിയേറാനുള്ള ശ്രമത്തിലാണെന്നും അയാള് യുവതിയോടു പറഞ്ഞു.
യുവതിയുടെ മാട്രിമോണിയല് പ്രൊഫൈലില് താന് വിദേശത്തേക്ക് കുടിയേറാന് ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നതിനാലാണ് ഈ കാര്യങ്ങളെല്ലാം ഇയാള് യുവതിയെ ധരിപ്പിക്കാന് കാരണമെന്നും താല്പര്യമുണ്ടെങ്കില് തന്റെ കമ്പനി വഴി വിദേശത്തേക്ക് പോകാനുള്ള അവസരം ഒരുക്കാമെന്നും ഇയാള് യുവതിക്ക് വാഗ്ദാനം ചെയ്തു.
തുടര്ന്ന് ഇയാള് താന് ജോലി ചെയ്യുന്ന സ്ഥാപനം എന്ന പേരില് ഒരു കണ്സള്ട്ടന്സിയെ യുവതിക്ക് പരിചയപ്പെടുത്തിക്കൊടുത്തു.
ഒട്ടും വൈകാതെ തന്നെ ആ സ്ഥാപനത്തില് നിന്നും ഒരു സ്ത്രീ യുവതിയെ വിളിക്കുകയും തന്റെ ജൂനിയര് ആയാണ് മാട്രിമോണിയല് സൈറ്റിലൂടെ പരിചയപ്പെട്ട ആള് ജോലി ചെയ്യുന്നതെന്നും അറിയിച്ചു.
തുടര്ന്ന് വിദേശത്തേക്ക് കുടിയേറാന് ആഗ്രഹിക്കുന്നുണ്ടെങ്കില് 45 ലക്ഷം രൂപ തങ്ങളുടെ സ്ഥാപനത്തില് അടച്ചാല് ബാക്കി മുഴുവന് കാര്യങ്ങളും ചെയ്തു തന്നു കൊള്ളാമെന്ന് ഉറപ്പു നല്കി.
എന്നാല് അത്രയും തുക തന്റെ കൈവശമില്ല എന്ന് പറഞ്ഞുകൊണ്ട് യുവതി അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ചു.
പിന്നീട് വീണ്ടും അവരില് നിന്നും തുടര്ച്ചയായി ഫോണ് കോളുകള് വന്നതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി ഇരുവരെയും ബ്ലോക്ക് ചെയ്തു.
ഒരുപക്ഷേ താന് അവരുടെ കെണിയില് വീണിരുന്നെങ്കില് തന്റെ സമ്പാദ്യം മുഴുവന് തനിക്ക് നഷ്ടമായേനെയെന്നും യുവതി പോസ്റ്റില് കുറിച്ചു. ohjugnii എന്ന പേരില് ഉള്ള റെഡ്ഡിറ്റ് അക്കൗണ്ടില് നിന്നുമാണ് ഈ തട്ടിപ്പിന്റെ കഥ പങ്കുവെച്ചത്.