കായംകുളം: കാലിലേറ്റ മുറിവിനു ചികിത്സ തേടി കായംകുളം താലൂക്കാശുപത്രിയിൽ മധ്യവയസ്കൻ അക്രമാസക്തനായി സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗർഡിനെയും കുത്തി പരിക്കേൽപ്പിച്ചു.
സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് കത്രികകൊണ്ടു കുത്തേറ്റത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി.
അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരായ ശിവകുമാർ, ശിവൻ പിള്ള എന്നിവർക്കും സാരമായി പരിക്കേറ്റു.
സംഭവത്തിൽ കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം.
കാലിൽ മുറിവേറ്റെന്നു പറഞ്ഞു ചികിത്സയ്ക്ക് എത്തിയ ദേവരാജൻ നഴ്സിംഗ് റൂമിൽ അതിക്രമിച്ചു കടക്കുകയും അവിടെയുണ്ടായിരുന്ന കത്രിക കൈലാക്കുകയും ചെയ്തു.
ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാർ അക്രമത്തിനിരയായത്. സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ വലത് കൈയ്ക്കും ഹോം ഗാർഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്.
അക്രമാസക്തനായ ആൾക്കു മാനസികവിഭ്രാന്തി ഉണ്ടന്നു ബന്ധുക്കളും പോലീസും പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.