മനുഷ്യന് ആഘോഷങ്ങള്ക്കായി ലഹരിമരുന്ന് ഉപയോഗിച്ച് തുടങ്ങിയിട്ട് ആയിരക്കണക്കിന് വര്ഷങ്ങളായെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്.
വെങ്കല യുഗത്തില് (ബിസി 3,300 മുതല് ബിസി 1,200 വരെ) ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്.
സ്പെയിനിലെ മെനോര്ക്കയിലെ ശവകുടീരത്തില് നിന്നും ലഭിച്ച മുടിയില് നിന്നാണ് ചെടികളില് നിന്നും വേര്തിരിച്ചെടുത്ത മയക്കുമരുന്നുകളുടെ തെളിവുകള് ശാസ്ത്രജ്ഞര്ക്ക് ലഭിച്ചത്.
യൂറോപില് ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പ് തന്നെ ആചാരപരമായ ആഘോഷങ്ങളുടെ ഭാഗമായി ലഹരി ഉപയോഗിച്ചിരുന്നുവെന്നതിന്റെ തെളിവുകളാണിതെന്ന് ഗവേഷകര് ചൂണ്ടിക്കാണിക്കുന്നു.
ശവകുടീരത്തില് നിന്നും ലഭിച്ച തലമുടി പരിശോധിച്ചതില് നിന്നും സ്കോപൊലാമൈന്, എപെഡ്രൈന്, അട്രോഫൈന് എന്നിവയുടെ തെളിവുകള് ലഭിച്ചു.
ഇതില് അട്രോഫിനും സ്കോപൊലാമൈനും മനുഷ്യരെ ഉന്മാദാവസ്ഥയിലേക്കെത്തിക്കാനും സ്വബോധം നഷ്ടമാക്കാനുമൊക്കെ കഴിവുള്ളവയാണ്.
ചില തരം കുറ്റിച്ചെടികളില് നിന്നും പൈന് മരങ്ങളില് നിന്നുമാണ് എപെഡ്രൈന് വേര്തിരിച്ചെടുക്കുന്നത്. മനുഷ്യന്റെ ഊര്ജം കൂടുതല് സമയം നിലനിര്ത്താനും ശ്രദ്ധയും ആകാംഷയുമൊക്കെ കൂട്ടാനുമൊക്കെ സഹായിക്കുന്നതാണിത്.
പാലിയോലിത്തിക് കാലഘട്ടം മുതല് തന്നെ മനുഷ്യര് ലഹരിക്കുവേണ്ടി പലതും ഉപയോഗിച്ചിരുന്നുവെന്നാണ് സയന്റിഫിക് റിപ്പോര്ട്ട്സ് ജേണലില് പഠനം നടത്തിയവര് കണ്ടെത്തിയത്.
2.50 ലക്ഷം വര്ഷം മുതല് 30,000 വര്ഷം വരെയുള്ള കാലഘട്ടമാണ് പാലിയോലിത്തിക് കാലഘട്ടം. വെങ്കലയുഗത്തില് കൂട്ടായ്മകളിലും ആഘോഷങ്ങളിലുമെല്ലാം ലഹരിയുടെ സാന്നിധ്യമുള്ള സസ്യങ്ങള് വലിയ തോതില് ഉപയോഗിച്ചിരുന്നു.
മുടിയില് നിന്നു മാത്രമല്ല കല്ലറയില് നിന്നും കണ്ടെടുത്ത പാത്രങ്ങളില് നിന്നും ലഹരിവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
നേരത്തെയും യൂറോപ്പിന്റെ പല ഭാഗത്തു നിന്നും കണ്ടെടുത്ത വെങ്കലയുഗത്തിന്റെ അവശേഷിപ്പുകളില് നിന്നും ലഹരിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്പെയിനിലെ മെനോര്കയില് നിന്നും 3,000 വര്ഷങ്ങള്ക്ക് മുന്പ് അടക്കം ചെയ്ത വ്യക്തിയുടെ മുടിയിലാണ് ഇപ്പോള് ഗവേഷകര് പഠനം നടത്തിയത്.
എലിസ ഗുരേരയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമായിരുന്നു പഠനത്തിനു പിന്നില്.
ഇവിടെ നിന്നും കണ്ടെത്തിയ മനുഷ്യരെ അടക്കം ചെയ്യാനുള്ള ചേംബറില് 210 ഓളം പേരെ അടക്കം ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 3,600 വര്ഷം പഴക്കമുള്ള അവശിഷ്ടങ്ങള് ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.