നീണ്ട പത്ത് വർഷത്തിന് ശേഷം കോമയിലായിരുന്ന ഭർത്താവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ചൈനയിൽ നിന്നുള്ള യുവതി. അവളുടെ നിസ്വാർഥ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും സേവനത്തിന്റെയും ഫലമായാണ് ഭർത്താവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള സൺ ഹോങ്സിയ, 2014-ൽ ഹൃദയാഘാതത്തെ തുടർന്ന് അർദ്ധബോധത്തിലേക്ക് വഴുതിവീണ തൻ്റെ ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചു. ഈ ആഘാതത്തിൽ നിന്ന് തന്റെ ഭർത്താവ് പുറത്തുവരുമെന്ന് അവർ എപ്പോഴും വിശ്വസിച്ചിരുന്നു.
വർഷങ്ങളോളമുള്ള സ്നേഹപൂർവമായ പരിചരണം അയാളെ വീണ്ടെടുക്കാൻ സഹായിച്ചു. ചൈനയിൽ സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികളുടെ വീഡിയോ ക്ലിപ്പിൽ, കിടക്കയിൽ ഉണർന്നിരിക്കുന്ന ഭർത്താവിന്റെ അരികിൽ ഹോങ്സിയ ഇരിക്കുന്നതായി കാണാം. കഴിഞ്ഞ കുറച്ച് വർഷങ്ങളെ കുറിച്ച് ഭാര്യ സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് നിന്ന് കണ്ണുനീർ ഒഴുകുകയാണ്.
തൻ്റെ ഭർത്താവ് പെട്ടെന്ന് ഹൃദയാഘാതം വന്ന് കോമയിലേക്ക് പോയപ്പോൾ താൻ അനുഭവിച്ച ഞെട്ടലും വേദനയും അവൾ ഓർത്തെടുത്തു. തന്റെ രണ്ട് മക്കളെ കുറിച്ചുള്ള ചിന്തയാണ് തനിക്ക് കരുത്തായി തുടരാനും പ്രതീക്ഷ കൈവിടാതിരിക്കാനും പ്രചോദനമായതെന്ന് ഹോങ്സിയ പറഞ്ഞു. അവർക്ക് ഒരു നല്ല മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ചിന്തകൾ ഭർത്താവിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും അബോധാവസ്ഥയിൽ അവനെ സുഖകരമാക്കാൻ സമയവും ഊർജവും ചെലവഴിച്ചുവെന്നും അവൾ പറഞ്ഞു.അവളുടെ ഭർത്താവിന്റെ പിതാവ് അവൾ ചെയ്ത ത്യാഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തി ഇങ്ങനെ പറഞ്ഞു. ”അവൾ എന്റെ മരുമകളാണ്, പക്ഷേ അവൾ ഒരു മകളേക്കാൾ മികച്ചതാണ്. ആർക്കും അവളുമായി താരതമ്യപ്പെടുത്താനാവില്ല, ”അദ്ദേഹം പറഞ്ഞു.