ഉത്തര്‍പ്രദേശിലെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ച 12 വയസുകാരന് അച്ഛന്റെ തോളില്‍ കിടന്നു മരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് അന്‍ഷ് എന്ന ആറാം ക്ലാസുകാരനാണ് മരിച്ചത്. ആംബുലന്‍സിനു നല്കാന് പണമില്ലാത്തതിനാല്‍ ഒഡീഷയില്‍ ആദിവാസി വിഭാഗക്കാരന് ഭാര്യയുടെ മൃതദേഹവും ചുമലിലേന്തി പോകുന്ന ദയനീയ സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി നടന്നത്.
കാണ്‍പുരിലെ ഫസല്ഗഞ്ചിലാണ് സംഭവം. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍ഷിന്റെ പനി മൂര്‍ച്ഛിച്ചതോടെ ഞായറാഴ്ച ലാലാ ലാജ്പത് റായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ലാലാ ലാജ്പത് റായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച അന്‍ഷിനെ ചികിത്സിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. കേണപേക്ഷിച്ചിട്ടും കുട്ടിയെ പ്രവേശിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാതിരുന്നതോടെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ അതിനിടെ മരണം സംഭവിച്ചിരുന്നു.
ബാലനെ കിടത്താന്‍ സ്ട്രെക്ച്ചര്‍ പോലും അധികൃതര്‍ നല്‍കിയില്ല. ഇതോടെ തോളിലിട്ട് ഓടുകയായിരുന്നുവെന്ന് അന്‍ഷിന്റെ അച്ഛന് സുനില്‍കുമാര്‍ പറഞ്ഞു. ഒരു 10 മിനിറ്റ് നേരത്തെ എത്തിച്ചിരുന്നുവെങ്കില്‍ ബാലന്റെ ജീവന് രക്ഷിക്കാമായിരുന്നെന്ന് കുട്ടികളുടെ വാര്‍ഡിലെ ഡോക്ടര്‍ പറഞ്ഞതായും സുനില്‍കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കാണ്‍പുര്‍ ഡിഎം കൗശല്‍ രാജ് ശര്‍മ രണ്ടംഗ സമിതിയെ നിയോഗിച്ചു. അഡീഷണല്‍ സിറ്റി മജിസ്ട്രേറ്റ്, അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയെയാണ് നിയോഗിച്ചത്.