പത്തനംതിട്ടയില്‍ ക്വാറന്റൈന് ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി.
എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന് ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്.
ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു.
സെന്റ് പീറ്റേഴ്സ് ജംക്ഷനിലെ കടയില്‍ മാസ്ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. പൊലീസിനോടു തട്ടിക്കയറിയ ഇയാള്‍ കുതറിയോടി. പിന്നീട് സുരക്ഷാ വസ്ത്രം ധരിച്ചെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് കീഴ്പ്പെടുത്തിയത്.
ഇവരില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പിടികൂടി കൈകാലുകള്‍ ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ശേഷം ഇയാള്‍ ശാന്തനായി. തുടര്‍ന്നു നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്.