റെയില്വേ സ്റ്റേഷനിലെ ശുചിമുറിയില് വീട്ടമ്മയുടെ പേരും ഫോണ്നമ്പരും അശ്ലീല സന്ദേശം സഹിതം രേഖപ്പെടുത്തിയ ആള് ഉടന് കുടുങ്ങും.
തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോണ്നമ്പര് എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനിലെ ശുചിമുറിയില് എഴുതിവച്ചത് ഡിജിറ്റല് സര്വകലാശാല അസിസ്റ്റന്റ് പ്രൊഫസര് അജിത് കുമാര് ആണെന്ന വിവരമാണ് പുറത്തുവരുന്നത്.
കയ്യക്ഷരത്തില് സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്.
സ്വകാര്യലാബിലും തുടര്ന്ന് സംസ്ഥാന ഫൊറന്സിക് ലാബിലും നടത്തിയ പരിശോധനയില് സംശയിച്ച ആള് തന്നെയാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ…2018 മേയില് ഒരു ദിവസം രാവിലെ മുതല് തമിഴില് അശ്ലീല ചുവയോടെയുള്ള ഫോണ് കോളുകള് മൊബൈലിലേക്കു വരാന്തുടങ്ങി.
ഒരേ നമ്പറില്നിന്നുതന്നെയുള്ള പല കോളുകളായിരുന്നു അത്. ഉച്ചയോടെ വേറൊരു നമ്പറില്നിന്നുള്ള കോളും എത്തി. ഞാനാ ഫോണ് എടുത്തു.
കൊല്ലത്തുനിന്ന് ഇഖ്ബാല് എന്ന വ്യക്തിയാണ് ഫോണ് ചെയ്തത്. നിങ്ങളുടെ നമ്പര് എറണാകുളം സൗത്ത് റെയില്വേ സ്റ്റേഷനിലെ പബ്ലിക് ടോയ്ലറ്റില് എഴുതിവച്ചിട്ടുണ്ട്.
സ്ഥലവും അശ്ലീലവും എഴുതിയിട്ടുണ്ട്. അതു പറയാനാണ് വിളിച്ചത് എന്നായിരുന്നു ഇഖ്ബാല് പറഞ്ഞത്.
ആവശ്യപ്പെട്ട പ്രകാരം അയാള് ആ എഴുതിവച്ചതിന്റെ പടവും അയച്ചുതന്നു. അതുകണ്ടപ്പോള്ത്തന്നെ പരിചയമുള്ള കയ്യക്ഷരം ആണെന്നു തോന്നി.
എന്റെ നമ്പര് അങ്ങനെ അധികമാര്ക്കും അറിയില്ല. റെസിഡന്റ്സ് അസോസിയേഷന്റെ സെക്രട്ടറിയാണ് എന്റെ ഭര്ത്താവ്. അസോസിയേഷന്റെ ബുക്കിലെ കയ്യക്ഷരവും ഈ ചിത്രത്തിലുള്ളതും സാമ്യമാണെന്നു കണ്ടെത്തി.
അതോടെ ആളെ പിടികിട്ടി. പിന്നീട് ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ഫൊറന്സിക് ലാബിലേക്ക് ഇത് അയച്ചുകൊടുത്തു.
രണ്ടും ഒരാളുടേതുതന്നെയാണെന്ന ഫലം പിറ്റേന്നുതന്നെ അവരെനിക്ക് അയച്ചുതന്നു. തുടര്ന്ന് കമ്മിഷണര് ഓഫിസില് പരാതി നല്കി.
എഴുതിയ ആളെ വിളിച്ചു വിരട്ടാനാണ് കമ്മിഷണര് ഓഫിസില്നിന്ന് പറഞ്ഞത്. എനിക്ക് അതില് താല്പര്യം ഇല്ലായിരുന്നു. തുടര്ന്ന് ഡിജിപിക്ക് പരാതി നല്കി.
പോലീസ് അത് ഫൊറന്സിക് പരിശോധനയ്ക്ക് അയച്ചു. 2020ല് അതിന്റെ റിപ്പോര്ട്ട് വന്നു. ഇപ്പോള് കോടതിയില് കേസ് നടക്കുകയാണ്.
ഈ വ്യക്തിയെക്കുറിച്ച് ചിലര് റെസിഡന്റ്സ് അസോസിയേഷനില് പരാതി നല്കിയിരുന്നു. വിഷയത്തില് ഭര്ത്താവ് സംസാരിച്ചതിന്റെ വൈരാഗ്യമാണ് ഇയാള് തീര്ത്തത്.
ഭര്ത്താവും ഇയാളും സംസാരിച്ചതിന്റെ രണ്ടുമൂന്നു മാസങ്ങള്ക്കുശേഷമാണ് ഈ സംഭവം ഉണ്ടാകുന്നത്.
അജിത് കുമാറിനെതിരെ അന്വേഷണം നടത്തി പോലീസ് കോടതിയില് കുറ്റപത്രം സമര്പ്പിച്ചതോടെ വീട്ടമ്മയുടെ പോരാട്ടത്തിന്റെ ഒരുഘട്ടം കഴിഞ്ഞു.
അതേസമയം, പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കാന് ഹൈക്കോടതിയില് ഹര്ജി നല്കിയിട്ടുണ്ടെന്നും അജിത് കുമാര് അറിയിച്ചു.