ഭുവനേശ്വർ: ഒഡീഷയിൽ പണമില്ലാത്തതിനാൽ ഏഴു വയസുകാരിയുടെ മൃതദേഹവുമായി അച്ഛൻ നടന്നത് എട്ടു കിലോമീറ്റർ. ഗജപതി ജില്ലയിലെ അതങ്ക്പുർ ഗ്രാമത്തിൽ മുകുന്ദ് ഡോറ എന്നയാൾക്കാണ് മകളുടെ മൃതദേഹം ചുമന്നുപോകേണ്ടി വന്നത്.
മണ്ണിടിഞ്ഞു വീണാണ് ബബിത എന്ന പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് മുകുന്ദ് എട്ടു കിലോമീറ്ററോളം മൃതദേഹം ചുമന്നത്.
മൃതദേഹം ആശുപത്രിയിൽ എത്തിക്കാൻ പോലീസ് സൗകര്യം ഒരുക്കി തന്നില്ല. തന്റെ കൈയിൽ ആവശ്യത്തിനു പണവുമില്ലായിരുന്നുവെന്നും മുകുന്ദ് പറഞ്ഞു. കഴിഞ്ഞ 11ന് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് പെണ്‍കുട്ടിയെ കാണാതായിരുന്നത്.