ന്യൂഡൽഹി: ഡൽഹിയിൽ ദളിത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചു കൊന്നു. ഡൽഹി കന്റോണ്‍മെന്റിനോട് ചേർന്ന പുരാന നംഗൽ ഗ്രാമത്തിലായിരുന്നു സംഭവം.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേർന്നുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു തണുത്ത വെള്ളം എടുക്കാൻ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല.
ആറു മണിയായപ്പോൾ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറിൽ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു.
എന്നാൽ, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ചുണ്ടുകൾ നീലിച്ചിരുന്നതായും കണ്ടെത്തി.
പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസിൽ വിവരം അറിയിക്കരുതെന്നു ശഠിച്ചു.
കേസ് കൊടുത്താൽ പോസ്റ്റുമോർട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിച്ചെടുക്കുമെന്നും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളംവച്ചു ഭർത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേർന്ന് ഇയാളെ മർദിക്കുകയും ചെയ്തു.
അതോടെ നാട്ടുകാർ തടിച്ചു കൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം, സഹായികളായ ലക്ഷ്മി നാരായണ്‍, കുൽദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ മാതാവ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.
കേസിൽ പോലീസ് ആദ്യം മാനഭംഗ കുറ്റം ചുമത്തിയിരുന്നില്ല. പിന്നീട് പ്രതിഷേധം രൂക്ഷമാകുകയും പട്ടികജാതി ദേശീയ കമ്മീഷൻ ഇടപെടുകയും ചെയ്തതോടെ ഈ വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചു പോലീസിൽ വിവരം അറിയിച്ചിട്ടും കേസെടുക്കാൻ വൈകിപ്പിച്ച പോലീസുകാർ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുകയും സമ്മർദത്തിലാക്കുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.
പ്രദേശത്ത് പ്രതിഷേധം രൂക്ഷമായതോടെ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കുറ്റവാളികൾക്കു ശിക്ഷ ഉറപ്പാകുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ആസാദ് വ്യക്തമാക്കി.