കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ തടവിലാക്കി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
കൊല്ലം ചടയമംഗലത്താണ് സംഭവം. യുവതിയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തു.
ചടയമംഗലം സ്വദേശി അജിയാണ് അറസ്റ്റിലായത്. വിദേശത്തേക്കുള്ള വീസയുടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കൊട്ടാരക്കര സ്വദേശിനിയെ ഇയാൾ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
തുടർന്ന് യുവതിയെ മൂന്ന് ദിവസം വീടിനുള്ളിൽ പൂട്ടിയിട്ട് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇയാൾ യുവതിയുടെ തലയിൽ ചുറ്റിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും വിവരം പോലീസിൽ അറിയിച്ചതും.
തുടർന്ന് പോലീസ് അജിയെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം പ്രതിയാണ് അജി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വീട്ടമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.