മഞ്ചേരി: എടവണ്ണ ഒതായി പള്ളിപ്പറന്പൻ മനാഫ് വധക്കേസിൽ ഒളിവിൽ കഴിയവെ ഇക്കഴിഞ്ഞ ജനുവരി 21ന് മഞ്ചേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്പാകെ കീഴടങ്ങി റിമാൻഡിൽ കഴിയുകമയായിരുന്ന പ്രതിക്ക് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
പി.വി അൻവർ എംഎൽഎയുടെ സഹോദരീപുത്രനും കേസിലെ മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫിന് (51)ആണ് കോടതി ജാമ്യം അനുവദിച്ചത്. കീഴടങ്ങിയ പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകും വഴി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സക്കായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
എട്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി.വി റാഫേൽ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. 1995 ഏപ്രിൽ 13നാണ് ഒതായി അങ്ങാടിയിൽ വച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. നിലവിൽ എംഎൽഎയായ പി.വി അൻവർ കേസിൽ രണ്ടാം പ്രതിയായിരുന്നു.
ഒന്നാം സാക്ഷിയടക്കമുള്ളവർ കൂറുമാറിയതിനെ തുടർന്ന് 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു. ഈ വിധി റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഒളിവിലായിരുന്ന പ്രതികൾക്കെതിരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും മൂന്നു മാസത്തിനകം കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും മജിസ്ട്രേറ്റ് ഇ.വി റാഫേൽ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതിനെ തുടർന്ന് ഒളിവിലായിരുന്ന രണ്ട് പ്രതികൾ 2018 ആഗസ്റ്റ് 30ന് ഇതേ കോടതിയിൽ കീഴടങ്ങിയിരുന്നു.
എളമരം ചെറുവായൂർ പയ്യനാട്ട്തൊടിക എറക്കോടൻ ജാബിർ എന്ന കബീർ (45), നിലന്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരാണ് അന്ന് കീഴടങ്ങിയത്. ഇനി ഈ കേസിൽ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖ് (49) മാത്രമാണ് പിടിയിലാകാനുള്ളത്.