തൃശൂർ: മാനേജർ ഇല്ലാത്ത മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലാണ് ഇത്തരം കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
750ൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കണ്‍വീനറും ജോയിന്റ് കണ്‍വീനറും ഒഴികെ, 16 അംഗങ്ങളാണ് സ്കൂൾ മാനേജ്മെന്റ് സമിതിയിൽ(എസ്എംസി) ഉണ്ടാകേണ്ടത്. 750ൽ കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ അംഗസംഖ്യ 20 ആയിരിക്കും.
കമ്മിറ്റിയിലെ 75 ശതമാനം അംഗങ്ങളും കുട്ടികളുടെ മാതാപിതാക്കളോ, രക്ഷാകർത്താക്കളോ ആയിരിക്കണം.
75 ശതമാനത്തിൽ മാതൃ അധ്യാപക-രക്ഷാകർതൃ സംഘടനാ പ്രതിനിധികൾ, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾ, മറ്റുദുർബല ജനവിഭാഗങ്ങളിൽപെട്ടവർ, എന്നിവർക്കും പ്രാതിനിധ്യം ഉണ്ടായിരിക്കണം.
സമിതിയിലെ 25 ശതമാനം അംഗങ്ങളിൽ, വാർഡ് മെന്പർമാർ, അധ്യാപകരുടെ പ്രതിനിധി കൾ, വിദ്യാഭ്യാസ വിദഗ്ധർ, സ്കൂൾ ലീഡർ എന്നിങ്ങനെയായിരിക്കും പ്രാതിനിധ്യം.
രക്ഷാകർത്താക്കളിൽ നിന്ന് ചെയർമാനെയും വൈസ് ചെയർമാനെയും തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവ്,
ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാർ കണ്‍വീനറും ഹെഡ്മാസ്റ്റർമാർ ജോയിന്റ് കണ്‍വീനർമാരും ആയിരിക്കും.
രണ്ടുമാസത്തിലൊരിക്കൽ യോഗം കൂടുകയും നിർണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ രണ്ടു വർഷത്തിലൊരിക്കൽ പുനസംഘടിപ്പിക്കണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എയ്ഡഡ് സ്കൂളുകളെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അഥവാ എസ്എംസിയിൽ സ്കൂൾ മാനേജരെ കുറിച്ചോ, മാനേജരുടെ പ്രാതിനിധ്യത്തെ കുറിച്ചോ പരാമർശിക്കുന്നത് പോലുമില്ല എന്നതാണ് വിചിത്രമായിരിക്കുന്നത്.