ആലുവ: ഒരു ഇടവേളക്കു ശേഷം പെരിയാറിൽ വീണ്ടും മണൽക്കടത്ത് വ്യാപകമാകുന്നു.പോലീസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടു കുടിയാണ് മണൽ മാഫിയ തഴച്ചുവളരുന്നത്.
ആലുവ ഈസ്റ്റ്, ബിനാനിപുരം പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ മാറിവന്നത് മണൽക്കൊള്ളക്കാർക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
ചില പോലീസ് ഉദ്യോഗസ്ഥർ നൈറ്റ് ഡ്യൂട്ടിയിലുള്ളപ്പോഴാണ് മണൽവാരൽ ശക്തമായി നടക്കുന്നത്. മണൽ ലോബിയുടെ കുടിപ്പകയിൽ ഒറ്റിക്കൊടുക്കുമ്പോൾ മാത്രമാണ് വലപ്പോഴും റെയ്ഡ് നടക്കുന്നത്.
അതാകട്ടെ മണൽ മാഫിയയുടെ കണ്ണ് വെട്ടിച്ച് പോലീസ് കൺട്രോൾ റൂം വിഭാഗമാണ് നടത്തുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മിനിലോറിയിൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടിക്കെട്ടി കൊല്ലത്തേക്ക് കടത്തിയ പുഴമണൽ കൺട്രോൾ റൂം വിഭാഗം പിടികൂടിയിരുന്നു.
ഒരു ലോഡിന് അറുപതിനായിരം മുതൽ 80,000 രുപ വരെയാണ് മാഫിയ ഇടാക്കുന്നത്. നഗരത്തോട് ചേർന്ന് കിടക്കുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപാണ് മണൽ ലോബിയുടെ താവളം.
രാത്രികാലങ്ങളിൽ ഇവിടങ്ങളിൽനിന്നും വള്ളങ്ങളിൽ മണപ്പുറം ഭാഗത്തെത്തിയാണ് മണൽ വരുന്നത്.ഇതിനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് മണലൂറ്റിനായി കൊണ്ടുവന്നിട്ടുള്ളത്. പോലീസ് പിടികൂടിയാലും ഇവരിൽ കേസൊതുക്കാറാണ് പതിവ്.
പെരിയാറിൽ മുമ്പ് മണൽക്കൊള്ള രൂക്ഷമായതിനെ തുടർന്ന് ബോട്ടുകളിലടക്കം പട്രോളിംഗ് ശക്തമാക്കിയിരുന്നു. താൽക്കാലികമായി നിർത്തിവച്ച മണലൂറ്റ് തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സജീവമായിരിക്കുന്നത്.
ഇതിനു പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.പോലീസിനെതിരേ ആക്ഷേപം ശക്തമായതിനെ തുടർന്ന് പെരിയാറിലെ മണൽക്കടത്തിനെതിരേ നിരീക്ഷണം കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിരിക്കുകയാണ്.