തിരുവല്ല: നദികളിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ കടത്ത് സജീവമായി. ശക്തമായ വേനലില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ മണല്‍ മാഫിയാ സംഘം സജീവമായെന്നാണ് ആക്ഷേപം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ്, റവന്യു, പാര്‍ട്ടി സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ ഒത്താശയോടെ നദികളിലെ മണല്‍ സമ്പത്ത് കടത്തി കൊണ്ട് പോയ സംഘങ്ങളാണ്വീണ്ടും സജീവമായത്.
2018,2021 വര്‍ങ്ങളിലെ വലിയ വെള്ളപ്പെക്കമൂലം നദികളില്‍ മണല്‍ സമ്പത്ത് നിറഞ്ഞതോടെ മാഫിയാ സംഘം സജീവമായത്. തീരങ്ങളില്‍വരെ വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
വെള്ളപ്പൊക്കം മൂലം മണല്‍ സമ്പത്ത് ഏറ്റവും കൂടുതല്‍ വന്നടിഞ്ഞ മണിമല ആറ്റിലാണ് ഇപ്പോള്‍ കൂടുതല്‍ മണല്‍ ഖനനം നടക്കുന്നത്.
എടത്വ, തകഴി, കിടങ്ങറ ഭാഗത്തുനിന്നും രാത്രികാലങ്ങളില്‍ യന്ത്രം ഘടിപ്പിച്ച വലിയ വള്ളങ്ങള്‍ എത്തിയാണ് മണല്‍ ഖനനം.
രാത്രി 11 ഓടെ പുളിക്കീഴ് പോലീസ് സ്റ്റേഷന് അതിര്‍ത്തി കടന്നുവരുന്ന നിരവധി വലിയ വള്ളങ്ങള്‍ തിരുവല്ല നഗരസഭ, ഇരവിപേരുര്‍ , കുറ്റൂര്‍ മല്ലപ്പള്ളി, പുറമറ്റം എന്നീ പഞ്ചായത്തുകളിലെ ജലാശയങ്ങളില്‍ നിന്നും മണല്‍ വാരി കടത്തുകയാണ്.
ദിനംപ്രതി ഇരുപത്തിയഞ്ചോളം വള്ളങ്ങളാണ് മണല്‍ കടത്തിന് ഉപയോഗിക്കുന്നത്. പോലീസ്, റവന്യു ഉദ്യോഗസ്ഥര്‍ പലപ്പോഴും കാഴ്ചക്കാരായി മാറുകയാണെന്നും ആക്ഷേപമുണ്ട്. മണല്‍വാരല്‍ സജീവമായിട്ടും കേസുകള്‍ പോലും എടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.