വൈപ്പിൻ: കൊച്ചി തീരക്കടലിൽ അശാസ്ത്രീയ മത്സ്യബന്ധനത്തിനായി ഫോർട്ട് വൈപ്പിൻ പെബിൾസ് ബീച്ചിൽ നിന്നും വൻതോതിൽ മണൽ കടത്തുന്നു. തമിഴ്നാട്ടുകാരായ ചൂണ്ടവള്ളക്കാരാണ് മണൽ കടത്തിനു പിന്നിലെന്ന് പരിസരവാസികൾ ആരോപിക്കുന്നു.
രാത്രിയിൽ വള്ളത്തിനു ബീച്ചിലെത്തി ഇവിടെനിന്നു പ്ലാസ്റ്റിക്ക് ചാക്കുകളിൽ വൻതോതിൽ മണൽ നിറച്ച് കടലിലേക്കാണ് ഇവർ പോകുന്നത്. ചാക്ക് നല്ലപോലെ കെട്ടി ഒപ്പം തെങ്ങിൻ കുല, പഴയ ബോട്ട് വല തുടങ്ങി കൈയിൽ കിട്ടുന്ന ചപ്പ് ചവറു സാധനങ്ങളും കൂട്ടിക്കെട്ടി ചാക്ക് കടലിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ഇവർ സ്ഥലം അടയാളപ്പെടുത്തി തിരിച്ച് പോരും.
രണ്ടോ മൂന്നോ ആഴ്ച കഴിയുന്പോഴേക്കും ഇതിനു ചുറ്റും കണവപോലുള്ള മത്സ്യങ്ങൾ കൂട്ടമായി എത്തി മുട്ടയിടാൻ തുടങ്ങും. അപ്പോഴേക്കും മത്സ്യതൊഴിലാളികൾ എത്തി ഈ ഭാഗത്ത് ചൂണ്ടയിടും. ഈ സമയം മുട്ടയിടാനെത്തുന്ന കണവപോലുള്ള മത്സ്യങ്ങൾ വൻതോതിൽ ചൂണ്ടയിൽ കുരുങ്ങും. ഇത്തരത്തിലുള്ള അശാസ്ത്രീയ മത്സ്യബന്ധനം നിയമം മൂലം തടഞ്ഞിട്ടുള്ളതാണത്രേ.
എന്നാൽ അന്യസംസ്ഥാന മത്സ്യതൊഴിലാളികൾ ഇതുപോലുള്ള മത്സ്യബന്ധന രീതികൾ ഇപ്പോഴും അവലംബിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല ഈ ചപ്പ് ചവറുകൾ പലപ്പോഴും മത്സ്യബന്ധനത്തിനായി വലയിടുന്ന ബോട്ടുകളുടേയും വള്ളങ്ങളുടേയും വലയിൽ കുടുങ്ങി വലകൾക്ക് കേടുപാട് സംഭവിക്കുകയും പതിവാണത്രേ.
കഴിഞ്ഞ ദിവസം രാത്രി മണലെടുക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നാട്ടുകാർ പിടികൂടിയെങ്കിലും മുളവുകാട് പോലീസ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരെ വിളിച്ചറിയിച്ചിട്ടും ആരും സ്ഥലത്തെത്തിയില്ലെന്ന് ഐഎൻടിയുസി, കോണ്ഗ്രസ് പ്രവർത്തകരായ രാജുസേവ്യാർ, ജൂഡ്സണ്, റോബിൻ അലക്സ്, വില്ലി ദേവസി, പയസ്, മനുഷ്യാവകാശ പ്രവർത്തകനായ ജോണി വൈപ്പിൻ എന്നിവർ ആരോപിച്ചു.
ബീച്ചിൽ നിന്നും വ്യാപകമായി മണൽ എടുക്കുന്നത് മൂലം ബീച്ചും പരിസരവും ഭീഷണിയിലാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അനധികൃത മണലെടുപ്പ് തടയാൻ പോലീസ് അധികാരികൾക്ക് അടിയന്തിര നിർദ്ദേശം നൽകണമെന്ന് പരിസരവാസികൾ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.