കുളത്തൂപ്പുഴ:കുളത്തുപ്പുഴയില്‍ വനം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വനശ്രീ (മണല്‍ കലവറ) യില്‍ നിന്നും മണല്‍ വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ അനിശ്ചതകാല നിരാഹാരസമരം ആരംഭിച്ചു.
കൊല്ലം തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ കോറി , എംസാന്റ് മുതലാളിമാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സാധാരണക്കാർക്ക് ന്യായവിലയില്‍ മണല്‍ ലഭ്യമാക്കാന്‍ ആരംഭിച്ച മണല്‍ കലവറയില്‍ നിന്നും മണല്‍ വിതരണം നടത്താന്‍ അധികൃതര്‍ തയാറാകാതിരിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു.
സിപിഎം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ നിരാഹാരം കിടക്കുന്ന സിപിഎം തിങ്കള്‍കരിക്കം ലോക്കല്‍കമ്മിറ്റി അംഗവും കുളത്തുപ്പുഴ സര്‍വീസ് സഹരണ ബാങ്ക് പ്രസിഡന്റുമായ കെ ജെ അലോഷ്യസിന് രക്തഹാരം അണിയിച്ചു സമരം ഉദ്ഘാടനം ചെയ്തു.
തിങ്കള്‍കരിക്കം ലോക്കല്‍കമ്മിറ്റി സെക്രട്ടറി അഡ്വ: ജെ സുരേന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കുളത്തുപ്പുഴ ലോക്കല്‍കമ്മിറ്റി സെക്രട്ടറി എസ് ഗോപകുമാര്‍ ,ജില്ല സെക്രട്ടറിയേറ്റഗം എസ് ജയമോഹന്,ഏരിയകമ്മിറ്റി സെക്രട്ടറി വിശ്വസേനന്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചു സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്തുമാസങ്ങള്‍ക്ക് മുമ്പാണ് യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മണല്‍ കലവറ ഈ സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചത്. അഞ്ഞൂറിലധികം ലോഡ് മണല്‍ ഇവിടെ എത്തിക്കുകയും ചെയ്തു. എന്നാല്‍ മണല്‍ വിതരണം ഇനിയും ആരംഭിച്ചിട്ടില്ല. വില നിര്‍ണ്ണയം പൂര്‍ത്തീകരിക്കാത്തതാണ് മണല്‍ വിതരണം ആരംഭിക്കാത്തതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.