വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിന്റെ അധീനതയിലുള്ള മണൽ ഷട്ടറിൽനിന്നു പാസിൽ പറയുന്നതിലും കൂടുതൽ അളവിൽ മണൽ കടത്തിയ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. പഞ്ചായത്തിന് മണൽ ഷട്ടർ നടത്താനുള്ള പ്രായോഗികമായ ബുദ്ധിമുട്ട് മനസിലാക്കി നിയമപരമായിത്തന്നെ ഇതൊരു സ്വകാര്യവ്യക്തിയെ ചുമതപ്പെടുത്തിയിരിക്കുകയാണെന്നാണ് പ്രസിഡന്റ് പറയുന്നത്.
ഈ സാഹചര്യത്തിൽ അനധികൃതമായി അളവിൽ കൂടുതൽ മണൽ കടത്തിയതിന്റെ ഉത്തരവാദി ആരാണെന്ന കാര്യത്തിൽ പോലീസിന്റെ അന്വേഷണത്തിൽ അറിയാൻ കഴിയുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം സംഭവത്തിൽ പോർട്ടിനും പഞ്ചായത്തിനും തുല്യ ഉത്തരവാദിത്വമുണ്ടെന്നാണ് പോർട്ടുമായി ബന്ധപ്പെട്ടവർ പറയുന്നത്. മണൽ ഷട്ടർ നടത്താനുള്ള പെർമിറ്റ് പോർട്ട് നൽകുന്നത് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ്.
മണൽ ആവശ്യമുള്ളവർ ഓണ്‍ലൈൻവഴി അപേക്ഷ നൽകി പണമടച്ചാൽ പോർട്ട് പാസ് നൽകും. ഈ പാസ് മണൽ ഷട്ടറിൽ കാണിച്ചാൽ അതിൽ പറയുന്ന അളവിൽ മണൽ നൽകാൻ പഞ്ചായത്തിനാണ് ഉത്തരവാദിത്വം. പാസ് പരിശോധിച്ച് മണൽ കയറ്റുന്നത് മോണിറ്റർ ചെയ്യാൻ പഞ്ചായത്തിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ ഇവിടെ വേണ്ടതാണെന്നും പോർട്ടുമായി ബന്ധപ്പെട്ടവർ പറയുന്നു.
സർക്കാരിനു വൻനഷ്ടം വരുത്തിവെച്ചിട്ടുള്ള ഈ ഇടപാടിൽ പഞ്ചായത്തുമായി ബന്ധപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ അളവിൽ കൂടുതൽ മണൽ കടത്താൻ സാധ്യമല്ലെന്നതാണ് മറ്റൊരു വസ്തുത. മാത്രമല്ല പാസിൽ പറഞ്ഞിട്ടുള്ള അളവിലും കൂടുതൽ മണൽ കയറ്റുന്നതിൽ മണൽവാരൽ തൊഴിലാളികൾക്കും പങ്കുണ്ടോയെന്ന കാര്യവും അന്വേഷണത്തിൽ വരേണ്ടതാണ്.
16 ടണ്‍ മണൽ മാത്രം കയറ്റാനുള്ള ഒരു പാസിൽ 25 ടണ്‍ മണലാണ് വലിയ ടോറസ് ലോറികളിൽ കയറ്റി വിടുന്നത്. ഇങ്ങിനെയുള്ള മൂന്ന് ലോറികളാണ് കഴിഞ്ഞ ദിവസം മുനന്പം പോലീസ് പിടികൂടിയത്. തുടർനടപടികൾക്കായി പോർട്ട് കണ്‍സർവേറ്ററുടെ മറുപടിക്കായി കാത്തിരിക്കുകയാണ് പോലീസ്.